മുംബൈ: പൗരത്വ നിയമ ഭേദഗതി​യെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ 'റൗലറ്റ് നിയമ'ത്തോട് ഉപമിച്ച് ബോളിവുഡ് നടിയും മുൻ കോൺഗ്രസ് നേതാവുമായ ഊർമിള മതോണ്ഡ്‌കർ. 1919ലെ നിയമവും 2019ലെ പൗരത്വ ഭേദഗതി നിയമവും ചരിത്രത്തിൽ കരിനിയമങ്ങളായി അടയാളപ്പെടുത്തുമെന്നും ഊർമിള പറഞ്ഞു.

'ഒന്നാംലോക മഹായുദ്ധം അവസാനിച്ചതിനു ശേഷവും ഇന്ത്യയിൽ പോരാട്ടം അവസാനിക്കില്ലെന്ന് ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ 1919ൽ റൗലറ്റ് നിയമം കൊണ്ടുവന്നു. 1919ലെ നിയമവും 2019ലെ പൗരത്വ ഭേദഗതി നിയമവും ചരിത്രത്തിൽ കരിനിയമങ്ങളായി അടയാളപ്പെടുത്തും'-ഊർമിള മതോണ്ഡ്‌കർ പറഞ്ഞു.

”മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരും ( പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവര്‍) അവരുടെ നേതാക്കന്മാരും രാജ്ഘട്ടില്‍ പോയി ഗാന്ധിജിക്ക് സ്തുതി അര്‍പ്പിക്കുകയാണ് വേണ്ടത്.”, ഊർമിള പറഞ്ഞു.

സിഎഎ, എൻആർസി എന്നിവയ്ക്കെതിരെ നടന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ഊർമിള. സി‌എ‌എ ദരിദ്രർക്കെതിരെയാണെന്നും"ഇത് നമ്മുടെ ഭാരതീയത്വത്തെ വെല്ലുവിളിക്കുകയാണെന്നും" അവർ ആരോപിച്ചു. അതിനാൽ തങ്ങൾ ഈ നിയമം അംഗീകരിക്കില്ലെന്നും ഊർമിള കൂട്ടിച്ചേർത്തു.

എന്താണ് റൗലറ്റ് നിയമം?

ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ കരിനിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act). ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടൻ യുദ്ധത്തിന്റെ സൗകര്യത്തിനായി ചില മുൻകരുതലുകൾ നടപ്പിലാക്കിയിരുന്നു. ഒരർത്ഥത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയമങ്ങളായിരുന്നു യുദ്ധകാലത്ത് രാജ്യത്ത്. ആ യുദ്ധകാല മുൻകരുതൽ നിയമങ്ങൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം. പ്രസ്തുത നിയമപ്രകാരം, ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടുവർഷം വരെ തടവിലിടാൻ സർക്കാരിന് അധികാരമുണ്ടായിരുന്നു. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്. സ്വാതന്ത്ര്യസമരത്തിന് മുന്നിട്ടിറങ്ങുന്നവരെ അടിച്ചമർത്താനുള്ള ഉരുക്കുമുഷ്ടിയായി ബ്രിട്ടീഷ് ഭരണകൂടം ഈ നിയമത്തെ എടുത്തുപയോഗിക്കുകയായിരുന്നു.

Read More:മോഹൻ ദാസിൽ നിന്നും മഹാത്മയിലേക്കുള്ള വളര്‍ച്ചയും, ജീവിതസമരങ്ങളും...