മോദിയുടെ 'മേഘസിദ്ധാന്ത'ത്തെ ട്രോളി ബോളിവുഡ്‌ താരവും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള മതോണ്ഡ്‌കര്‍.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘസിദ്ധാന്തത്തെ ട്രോളി ബോളിവുഡ്‌ താരവും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള മതോണ്ഡ്‌കര്‍. വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രത്തിന്‌ രസകരമായ ക്യാപ്‌ഷന്‍ നല്‌കിയാണ്‌ ട്വിറ്ററിലൂടെ ഊര്‍മിള മോദിയെ പരിഹസിച്ചത്‌.

'മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന്‌ ദൈവത്തിന്‌ നന്ദി, എന്റെ പ്രിയപ്പെട്ട റോമിയോയുടെ ചെവികള്‍ക്ക്‌ കൃത്യമായി റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവുന്നുണ്ട്‌' എന്നായിരുന്നു ഊര്‍മ്മിളയുടെ ട്വീറ്റ്‌. മുംബൈ നോര്‍ത്ത്‌ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കുന്ന ഊര്‍മ്മിള നേരത്തെ മോദി ബയോപികിനെ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.

Scroll to load tweet…

വാര്‍ത്താ ചാനലായ ന്യൂസ്‌ നേഷന്‌ മോദി നല്‌കിയ അഭിമുഖത്തോടെയാണ്‌ അദ്ദേഹത്തിന്റെ മേഘസിദ്ധാന്തം പരിഹാസങ്ങള്‍ക്ക്‌ വഴിവച്ചത്‌. ബലാക്കോട്ട്‌ ആക്രമണത്തിന്‌ തയ്യാറെടുക്കുമ്പോള്‍ മഴയും കാര്‍മേഘങ്ങളുമുണ്ടായിരുന്നത്‌ വ്യോമസേനയെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, പാക്‌ റഡാറുകളില്‍ നിന്ന്‌ വിമാനങ്ങളെ കാര്‍മേഘങ്ങള്‍ മറയ്‌ക്കുമെന്ന്‌ താന്‍ സേനയ്‌ക്ക്‌ ആത്മിവിശ്വാസം പകര്‍ന്നെന്നും അതിനെത്തുടര്‍ന്നാണ്‌ ആക്രമണം നടത്തിയതെന്നുമായിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞത്‌.