ഇന്ത്യയിലെ യുഎസ് അംബാസഡറായ സെർജിയോ ഗോർ ജമ്മു കശ്മീർ സന്ദർശിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള യുഎസ് അംബാസഡറുടെ ആദ്യ സന്ദർശനമാണിത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സെർജിയോ ഗോർ കൂടിക്കാഴ്ച നടത്തി.

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി യുഎസ് അംബാസഡർ സെർജിയോ ഗോർ. ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെർജിയോ ഗോർ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും യുഎസും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ആഗ്രഹമുണ്ടെന്നും സെർജിയോ ഗോർ മാധ്യമങ്ങളോട് പ്രതികരിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീർ സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ.

“ഇവിടെ വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഞാൻ ആദ്യമായാണ് ഇവിടെ സന്ദർശിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന തരത്തിൽ മനോഹരമായ ഒരു സ്ഥലമാണ്. ഇവിടെ വരാൻ കഴിഞ്ഞതിലും ഈ സ്ഥലം കാണാൻ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്ലാദമുണ്ട്. ഞങ്ങൾ ഇപ്പോൾ വളരെ നല്ലൊരു കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഞങ്ങൾക്ക് ചില തുടർനടപടികൾ ആവശ്യമുണ്ട്, ആയതിനാൽ അവ വാഷിങ്ടണിലും ദില്ലിയിലും വീണ്ടും ചർച്ച ചെയ്യാനാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ വളരെ ഊഷ്മളവും ഹൃദ്യവുമായ ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്, ഈ ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”- സെർജിയോ ഗോർ പറഞ്ഞു. ജമ്മു കശ്മീർ സന്ദർശിക്കുന്നതിന് യുഎസ് പൗരന്മാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പുനപരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജമ്മു കശ്മീർ ലഫ്. ഗവർണറുമായും സെർജിയോ ഗോർ കൂടിക്കാഴ്ച നടത്തും. തുടർന്ന് അദ്ദേഹം വ്യാഴാഴ്ച ലഡാക്കിലേക്കും എത്തും. ശ്രീനഗറിൽവെച്ച് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനയുമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ, യുഎസ് അംബാസഡറുടെ സന്ദർശനം പ്രധാനപ്പെട്ടതല്ലെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള സൂചിച്ചിരുന്നു.

വാഷിങ്ടണിന് കശ്മീരിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. "വാഷിങ്ടണിന് ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. കേന്ദ്രത്തിന് അത് സാധിക്കും. പരാതിപ്പെടുന്നതിന് പകരം അദ്ദേഹത്തെ ഞാൻ ശ്രവിക്കും"- ഒമർ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. 15ലധികം വർഷങ്ങൾക്ക് ശേഷമാണ് യുഎസ് അംബാസഡറും ജമ്മു കശ്മീർ മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടന്നത്. 2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ളയും യുഎസ് അംബാസഡർ തിമോത്തി റോയ്മറും തമ്മിലാണ് ഒടുവിലത്തെ കൂടിക്കാഴ്ച്ച നടന്നത്. 2018ൽ യുഎസ് അംബാസഡറായിരുന്ന കെന്നത്ത് ജസ്റ്റർ കശ്മീർ സന്ദർശിച്ചിരുന്നു.