ദില്ലി: ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്). പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അമേരിക്ക സ്വീകരിക്കണമെന്ന്  അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് ഫെഡറല്‍ കമ്മീഷന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് യു.എസ് ഫെഡറല്‍ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ സഞ്ചാരമാണ് പൗരത്വ ഭേദഗതി ബില്‍’ എന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന യു.എസ്.സി.ഐ.ആര്‍.എഫ് വ്യക്തമാക്കിയിരിക്കുന്നത്. അസം മാതൃകയില്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കുമെന്ന അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യയുടെ മതേതര ബഹസ്വരതയെുടെ ചരിത്രം കണക്കിലെടുക്കാത്ത നിയമമാണിത്.  

ഇതിലൂടെ ദശലക്ഷണക്കിന് മുസ്‍ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങള്‍ക്കുണ്ടെന്നും യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവനയില്‍ അറിയിച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നല്‍കുകയും മുസ്‍ലിംകളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയുമാണ് ബില്ല് എന്ന് യു.എസ് ഫെഡറേഷന്‍ പറഞ്ഞു.