ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നേതാവെന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഡോണാൾഡ് ട്രംപ്. ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും. നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ  ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയായെന്നും ഇക്കാര്യത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും  ട്രംപ് പറഞ്ഞു. കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ടു വശമുണ്ട് .ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീരെന്നും ട്രംപ് പ്രതികരിച്ചു,

ഇന്ത്യ സന്ദര്‍ശനം മികച്ച അനുഭവമായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമേരിക്കൻ പ്രസിഡന്‍റ്  ഡോണാൾഡ് ട്രംപിന്‍റെ വാര്‍ത്താസമ്മേളനം. കോവിഡ് ഭീതി മുതൽ മതമൈത്രി വരെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായെന്നാണ് ട്രംപിന്‍റെ വിശദീകരണം. പൗരത്വ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. എന്നാൽ മത മൈത്രി കൂടിക്കാഴ്ചക്കിടെ കടന്ന് വന്നെന്നും  മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു വരുത്തുന്നുണ്ടെന്നുമാണ് അഭിപ്രായമെന്ന് ട്രംപ് പറഞ്ഞു. 

ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് മോദി പറഞ്ഞു എന്ന് ട്രംപ് വിശദീകരിച്ചു. 20 കോടി മുസ്ലീങ്ങളാണ് ഇന്ത്യയിലുള്ളത്. ന്യുനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും ട്രംപ് വിശദീകരിച്ചു,  രണ്ട് തവണയാണ് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തിൽ ചോദ്യം ഉയര്‍ന്നത്.  രണ്ട് തവണയും ട്രംപ് ഒഴിഞ്ഞുമാറി. ദില്ലി കലാപത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തോടും അത് ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്ന മറുപടിയാണ് ട്രംപിൽ നിന്ന് ഉണ്ടായത്.