അമേരിക്കയാണ് പാകിസ്ഥാന് എഫ്-16 വിമാനങ്ങള്‍ നല്‍കിയത്. എഫ്-16 വിമാനങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങള്‍ അമേരിക്ക സൂക്ഷിക്കുന്നു.
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാൻ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള പ്രത്യേക ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ യുഎസ് സർക്കാർ വിസമ്മതിച്ചു. ഇന്ത്യന്‍ ആക്രമണത്തില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ തകര്‍ന്നതിനെക്കുറിച്ച് തങ്ങള്‍ക്കറിവില്ലെന്നും പാകിസ്ഥാനോട് ചോദിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി. അമേരിക്കയാണ് പാകിസ്ഥാന് എഫ്-16 വിമാനങ്ങള്‍ നല്‍കിയത്. എഫ്-16 വിമാനങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങള്‍ അമേരിക്ക സൂക്ഷിക്കുന്നു. ടെക്നിക്കൽ സപ്പോർട്ട് ടീമുകൾ (ടിഎസ്ടി) എന്നറിയപ്പെടുന്ന കരാറുകാരെ പാകിസ്ഥാനിൽ 24 മണിക്കൂറും വിന്യസിച്ചിരിക്കുന്നു. യുഎസ് നിർമ്മിച്ച എഫ്-16 വിമാനങ്ങളുടെ ഉപയോഗം നിരീക്ഷിക്കാൻ ഇവർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്നാണ് വിവരം. യുഎസും പാകിസ്ഥാനും ഒപ്പുവച്ച വിപുലമായ അന്തിമ ഉപയോഗ കരാറുകളെ തുടർന്നാണ് ടിഎസ്ടികൾ പ്രവർത്തിക്കുന്നത്.
യുദ്ധത്തിൽ പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ ഉപയോഗിക്കാവുന്ന വ്യവസ്ഥകളെയാണ് കരാറുകൾ നിർവചിക്കുന്നത്. കൂടാതെ എഫ്-16 കപ്പലുകളില്‍ നിലനിർത്തുന്നതിനും ഇസ്ലാമാബാദിന് യുഎസ് പിന്തുണ ലഭ്യമാക്കുന്നതും കരാറില്‍ പറയുന്നു. അതിനാൽ, പാകിസ്ഥാന്റെ എല്ലാ എഫ്-16 ജെറ്റുകളുടെയും അവസ്ഥയെക്കുറിച്ച് പൂർണ്ണമായി അറിഞ്ഞിരിക്കാൻ സാങ്കേതിക പിന്തുണാ ടീമുകൾ കരാർ പ്രകാരം ബാധ്യസ്ഥരാണ്.
ബാലകോട്ട് ഭീകര കേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ എഫ്-16 വിമാനങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് രണ്ട് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ ഫോറിൻ പോളിസിയോട് പറഞ്ഞു. പാകിസ്ഥാൻ വ്യോമസേനയുടെ ഒരു എഫ്-16 വെടിവച്ചിട്ടതായി ഇന്ത്യ അവകാശപ്പെട്ടതിനെ തുടർന്നായിരുന്നു വിശദീകരണം. മെയ് 7 നും മെയ് 10 നും ഇടയിൽ ഓപ്പറേഷൻ സിന്ദൂരിനിടെ നടന്ന പോരാട്ടത്തിൽ പാകിസ്ഥാൻ വ്യോമസേനയ്ക്ക് ഒന്നിലേറെ എഫ് -16 യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂരിനിടെ ആറ് പാകിസ്ഥാൻ വിമാനങ്ങൾ വെടിവച്ചിട്ടതായി ഐഎഎഫ് അവകാശപ്പെട്ടിരുന്നു.
