സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇ20 എഥനോൾ മിശ്രിത പെട്രോളിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഈ ഇന്ധനം സുരക്ഷിതമാണെന്നും വാഹനങ്ങൾക്കോ പരിസ്ഥിതിക്കോ ദോഷകരമല്ലെന്നും മന്ത്രാലയം വിശദീകരിക്കുന്നു. 

ന്യൂഡൽഹി: രാജ്യത്തെ ഇ20 എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഇ20 പെട്രോൾ എന്നത് കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെയും അന്താരാഷ്ട്ര അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഇന്ധനമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് വിതരണം ചെയ്യുന്നതെന്നും മന്ത്രാലയം 10 പോയിന്റുകളുള്ള വിശദീകരണത്തിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമിത ജലഉപയോഗം ഇല്ല: ഒരു ലിറ്റർ എഥനോൾ ഉണ്ടാക്കാൻ 10,000 ലിറ്റർ വെള്ളം വേണമെന്ന പ്രചാരണം തെറ്റാണ്. ദേശീയ ഭക്ഷ്യഭദ്രത ഉറപ്പാക്കിയ ശേഷമുള്ള അധിക അരി മാത്രമാണ് ഇതിനായി മാറ്റിവെക്കുന്നത്. ഒരു ലിറ്റർ എഥനോളിന് 3 മുതൽ 5 ലിറ്റർ വരെ പ്രോസസ്സ് ചെയ്ത വെള്ളം മാത്രമാണ് ഡിസ്റ്റിലറികൾക്ക് വേണ്ടത്. ഇവ വെള്ളം പുനരുപയോഗിക്കാൻ സീറോ ലിക്വിഡ് ഡിസ്ചാർജ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 40 ശതമാനത്തിലധികം എഥനോൾ നൽകുന്ന ചോളം കൃഷിക്ക് നെല്ലിനേക്കാൾ വളരെ കുറഞ്ഞ ജലസേചനം മാത്രമേ ആവശ്യമുള്ളൂ.

യുഎസ്, ബ്രസീൽ, കാനഡ, തായ്‌ലൻഡ്, ജപ്പാൻ, നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ ദശാബ്ദങ്ങളായി എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) പാസഞ്ചർ കാറുകളിൽ 40,000 കിലോമീറ്ററും ഇരുചക്ര വാഹനങ്ങളിൽ 20,000 കിലോമീറ്ററും നടത്തിയ പരീക്ഷണങ്ങളിൽ മൈലേജിൽ നേരിയ വ്യത്യാസം മാത്രമാണ് കണ്ടത്. എഞ്ചിൻ പ്രവർത്തനത്തെയോ കാര്യക്ഷമതയെയോ ഇത് ദോഷകരമായി ബാധിച്ചിട്ടില്ല. ഇ20 ഇന്ധനത്തിന് അനുയോജ്യമായി നിർമ്മിച്ച എഞ്ചിനുകൾക്ക് എഥനോളിന്റെ ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഗുണം ചെയ്യും.

ലോഹ ഭാഗങ്ങൾ തുരുമ്പിക്കില്ല: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് എന്നിവരുമായി ചേർന്ന് എആര്‍എഐ നടത്തിയ പഠനങ്ങളിൽ ലോഹ, പ്ലാസ്റ്റിക് ഘടകങ്ങൾക്ക് കേടുപാടുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ പഴയ വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങൾ നേരത്തെ മാറ്റേണ്ടി വന്നേക്കാം.

വാരന്റിയും ഇൻഷുറൻസും റദ്ദാകില്ല: ഇ20 പെട്രോൾ ഉപയോഗിച്ചാൽ വാഹന വാരന്റിയോ ഇൻഷുറൻസോ നഷ്ടമാകില്ലെന്ന് വാഹന നിർമ്മാതാക്കളും ഇൻഷുറൻസ് കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്.

ഉറുമ്പുകളും ഈച്ചകളും ആകർഷിക്കപ്പെടില്ല: ഇന്ധന ഗ്രേഡ് എഥനോൾ വാറ്റിയെടുക്കുമ്പോൾ അതിലെ പഞ്ചസാരയുടെ അംശം പൂർണ്ണമായി ഇല്ലാതാകുന്നുണ്ട്. കൂടാതെ പ്രാണികളെ അകറ്റുന്ന ഘടകങ്ങൾ ഇതിലുണ്ട്. പെട്രോളിന്റെ ഹൈഡ്രോകാർബൺ ഗന്ധമാണ് ഈ ഇന്ധനത്തിന് മുന്നിട്ട് നിൽക്കുന്നത്.

കോടതിയിൽ 'പരീക്ഷണം' എന്ന് വിശേഷിപ്പിച്ചിട്ടില്ല: സുപ്രീം കോടതിയിൽ ഈ പദ്ധതിയെ ഒരു പരീക്ഷണം എന്ന് സർക്കാർ വിശേഷിപ്പിച്ചു എന്ന വാർത്തകൾ തെറ്റാണെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. സംഭരണവുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകളെക്കുറിച്ചാണ് കോടതിയിൽ ചർച്ച നടന്നത്.

ടാങ്കുകളിൽ വെള്ളം കയറില്ല: ആധുനിക വാഹനങ്ങളിലും പെട്രോൾ പമ്പുകളിലും വെള്ളം കയറുന്നത് തടയാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്.

കരിമ്പിൻ നീര് നേരിട്ട് ചേർക്കുന്നതല്ല: കരിമ്പിൻ നീര് നേരിട്ട് പെട്രോളിൽ ഒഴിക്കുന്ന രീതിയിലുള്ള വീഡിയോകൾ വ്യാജമാണ്. വ്യാവസായിക പ്രക്രിയകളിലൂടെ ഗുണനിലവാരം ഉറപ്പാക്കിയാണ് എഥനോൾ നിർമ്മിക്കുന്നത്.

പരിസ്ഥിതിക്ക് ഹാനികരമല്ല: എഥനോൾ പ്ലാന്റുകൾക്ക് നിയമപരമായ പരിസ്ഥിതി അനുമതികളും ഭൂഗർഭജല നിയന്ത്രണ ബോർഡിന്റെ അംഗീകാരവും ആവശ്യമാണ്.

പദ്ധതി അവകാശപ്പെടുന്ന നേട്ടങ്ങൾ

2025 ഡിസംബറോടെ തന്നെ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുക എന്ന ലക്ഷ്യം ഇന്ത്യ സമയപരിധിക്കും മുൻപേ കൈവരിച്ചിരുന്നു. 2013-14 ൽ ഇത് വെറും 1.5 ശതമാനം മാത്രമായിരുന്നു. 2014-15 മുതൽ ഈ പദ്ധതി വഴി 1.9 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാനും 310 ലക്ഷം മെട്രിക് ടണ്ണിലധികം അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. 930 ലക്ഷം മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ കുറച്ച ഈ പദ്ധതി വഴി കർഷകർക്ക് 1.6 ലക്ഷം കോടിയിലധികം രൂപയുടെ വേഗത്തിലുള്ള പേയ്‌മെന്റുകൾ ഉറപ്പാക്കാനും കഴിഞ്ഞു. നിലവിൽ രാജ്യത്തെ എഥനോൾ ഉത്പാദന ശേഷി 2,000 കോടി ലിറ്ററാണ്.