ജമ്മു കശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളില്‍ നൽകുന്ന പുസ്തകത്തിൽ ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്നതായി പരാതി

ദില്ലി: ജമ്മു കശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളില്‍ നൽകുന്ന പുസ്തകത്തിൽ ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്നതായി പരാതി. ഇതേത്തുടർന്ന് പുസ്തകം നിരോധിക്കണമെന്നും ഉന്നതതല അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഈ വിഷയം കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമാണ് ഇപ്പോൾ സംസ്ഥാനത്ത് പുകയുന്നത്. 'പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ' (Personalities and Legends of J&K) എന്ന പുസ്തകമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പുസ്തകത്തിൽ ജെകെഎൽഎഫ് ഭീകരനായ മഖ്ബൂൽ ഭട്ടിനെ "ശഹീദ്" (രക്തസാക്ഷി) എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. കൂടാതെ, വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മസറത്ത് ആലം, മിർവായിസ് ഉമർ ഫാറൂഖ് എന്നിവരെ അനുകൂലിക്കുന്ന രീതിയിലാണ് പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാത്രമല്ല, ഈ പുസ്തകത്തിൽ ജമ്മു കശ്മീരിനെ "ഇന്ത്യൻ അധീന കശ്മീർ" എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. പുസ്തകത്തിൽ ജമ്മു കശ്മീർ 'സമഗ്ര ശിക്ഷാ' പദ്ധതിയുടെ ലോഗോ പതിപ്പിച്ചിട്ടുള്ളതിനാൽ, ഇത് സർക്കാർ സ്കൂൾ ലൈബ്രറികളിലേക്ക് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ വിവാദത്തിൽ ഒമർ അബ്ദുള്ള സർക്കാരിനെതിരെ ബിജെപി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇതൊരു "അക്കാദമിക് ജിഹാദ്" ആണെന്ന് ബിജെപി ആരോപിച്ചു. ഈ പുസ്തകത്തിന് അനുമതി നൽകിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും, പുസ്തകം അടിയന്തരമായി നിരോധിക്കണമെന്നും, വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

'ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഫോറം' എന്ന സംഘടനയും പുസ്തകത്തിലെ ഉള്ളടക്കത്തിനെതിരെ ആശങ്ക രേഖപ്പെടുത്തുകയും ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സർക്കാർ സ്കൂളുകളിലേക്ക് നൽകുന്ന വിദ്യാഭ്യാസ സാമഗ്രികളുടെ പരിശോധനയെയും സുതാര്യതയെയും കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഈ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.

YouTube video player