ഹൈദരാബാദ്: തെലങ്കാന പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഢി രാജിവച്ചു. ഹൈദരാബാദ് മുൻസിപ്പിൽ കോ‍ർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പിസിസി അധ്യക്ഷൻ രാജിസമ‍ർപ്പിച്ചത്. 

തെലങ്കാന പിസിസി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണെന്നും അടുത്ത പാ‍ർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തം കുമാ‍ർ റെഡ്ഡി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്ത് നൽകിയിട്ടുണ്ട്. 2018-ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ട ഘട്ടം മുതൽ തെലങ്കാന കോൺ​ഗ്രസിനകത്ത് നേതൃമാറ്റത്തിനായി മുറവിളി ഉയർന്നിരുന്നു. 

വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണി വരെയുള്ള കണക്ക് അനുസരിച്ച് 150 അംഗ ഹൈദരാബാദ് മുൻസിപ്പിൽ കോർപ്പറേഷനിൽ 56 സീറ്റുകളിലാണ് ടിആർഎസ് ലീഡ് ചെയ്യുന്നത്. അസാദുദീൻ ഒവൈസിയുടെ എഐഎംഎം 42 സീറ്റിലും ബിജെപി 46 സീറ്റിലും നിലവിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്. കോൺ​ഗ്രസ് രണ്ട് സീറ്റിൽ ജയിച്ചു

2016 - തെരഞ്ഞെടുപ്പ് ഫലം
ആകെ സീറ്റുകൾ - 150
ടിആ‍ർഎസ്  - 99
എഐഎംഎം  - 44
ബിജെപി  - 4 
കോൺ​ഗ്രസ് - 2