ഒറ്റയ്ക്ക് അധികാരത്തിലെത്തും. അഭിപ്രായ സർവ്വേകൾ തെറ്റാണെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ തെളിയുമെന്നും മായാവതി പറഞ്ഞു. ഫെബ്രുവരി പത്തുമുതൽ ഏഴു ഘട്ടങ്ങളായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക.
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Uttarpradesh Election) ബിഎസ്പി (BSP) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി (Mayawati). ഒറ്റയ്ക്ക് അധികാരത്തിലെത്തും. അഭിപ്രായ സർവ്വേകൾ തെറ്റാണെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ തെളിയുമെന്നും മായാവതി പറഞ്ഞു. ഫെബ്രുവരി പത്തുമുതൽ ഏഴു ഘട്ടങ്ങളായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക.
ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇതോടെ പൂർണമായും വ്യക്തമായിരിക്കുന്നു. കോൺഗ്രസ് ആരുമായും സഖ്യത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രബല കക്ഷിയായ സമാജ് വാദി പാർട്ടിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇതോടെ ചതുഷ്കോണ മത്സരത്തിനാണ് പല മണ്ഡലങ്ങളിലും കളമൊരുങ്ങുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
രണ്ടായിരത്തി ഏഴിലാണ് മായാവതി യുപിയിലെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അതേ ഫലം ആവർത്തിക്കുമെന്നാണ് ഇ്പപോഴത്തെ അവകാശവാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാജി പാർട്ടി കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിരുന്നു. ലോക്സഭയിൽ മായാവതിയും അഖിലേഷും ഒന്നിച്ചു. ഇത്തവണ അഖിലേഷ് യാദവ് അജിത് സിംഗിൻറെ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. പശ്ചിമ യുപിയിൽ സഖ്യം അഖിലേഷിനെ സഹായിക്കും. എന്നാൽ 20 ശതമാനം വോട്ട് ഏത് തെരഞ്ഞെടുപ്പിലും കിട്ടുന്ന ബിഎസ്പി ചോർത്തുന്നത് അഖിലേഷിൻറെ വോട്ടുകളാകും.
സർവ്വെകൾ ബിജെപിക്ക് നല്കുന്ന നാല്പതു ശതമാനം വോട്ടുകളാണ്. ബാക്കിയുള്ള അറുപത് ശതമാനം ഭിന്നിക്കേണ്ടത് പാർട്ടിയുടെ ആവശ്യമാണ്. സംസ്ഥാനത്ത് നരേന്ദ്ര മോദിയെ തന്നെ മുന്നിൽ നിറുത്തി പ്രചാരണത്തിനാണ് ബിജെപി തീരുമാനം. യോഗി ആദിത്യനാഥിന് ജനപിന്തുണ നേടാനായിട്ടുണ്ടെങ്കിലും ഒബിസി, ബ്രാഹ്മണ സമുദായങ്ങൾക്കിടയിൽ എതിർപ്പുണ്ടെന്നാണ് വിലയിരുത്തൽ. ഇത് മറികടക്കാൻ മോദിക്കേ കഴിയൂ എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ പോലും സ്വാധിനിക്കാൻ തക്ക ശേഷിയുള്ള ഫലമാകും യു പിയെന്നതാണ് മറ്റൊരു വിലയിരുത്തൽ. യു പിയിൽ ഇപ്പോൾ നേരിയ മുൻതൂക്കം ബിജെപിക്കുണ്ടെന്ന വിലയിരുത്തലുകളാണ് ഉള്ളത്. പ്രതിപക്ഷം ഭിന്നിച്ച് മത്സരിക്കുന്നതിലാണ് ബിജെപിയുടെ പ്രധാനപ്രതീക്ഷ. അഖിലേഷ് യാദവിന് ഇതുവരെ രാഷ്ട്രീയ ലോക്ദളുമായി മാത്രമേ കൈകോർക്കാൻ ആയിട്ടുള്ളു. ബിഎസ്പിയും കോൺഗ്രസും പ്രതിപക്ഷത്ത് അടർത്തി മാറ്റുന്ന വോട്ടുകൾ ബിജെപിയെ സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരത്തെ കൊണ്ടു വന്ന് പ്രചാരണം തുടങ്ങിയതും ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ഇതുവരെ നിശബ്ദ നീക്കം നടത്തിയ അഖിലേഷ് യാദവിന് ബിജെപിയെ അട്ടിമറിക്കാനായാൽ അത് ദേശീയ രാഷ്ട്രീയം മാറ്റി മറിക്കുമെന്നുറപ്പാണ്. യുപി കൈവിട്ടാൽ അടുത്ത രണ്ടു വർഷം നരേന്ദ്ര മോദി പ്രതിപക്ഷത്തിന്‍റെ വലിയ സമ്മർദ്ദം നേരിടേണ്ടിവരും. ബംഗാളിനു ശേഷം യുപിയിലും തോറ്റാൽ പാർട്ടിയിലും സംഘപരിവാറിലും വെല്ലുവിളി ഉയരും. അഖിലേഷ് യാദവിന്‍റെ വിജയം മമത മാനർജിയുടെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികളെ ഒന്നിച്ചു കൊണ്ടുവരാൻ നടത്തുന്ന നീക്കത്തിനും കരുത്തു പകരും. മറിച്ചെങ്കിൽ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടരും. യോഗി ആദിത്യനാഥ് ഹീറോ ആയി മാറാനും ആ വിജയം ഇടയാക്കും.
യു പിയിൽ പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതെങ്കിലും തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയെ സംബന്ധിച്ചും ഏറെ നിർണായകമാണ്.
