ലഖ്നൌ: വികാസ് ദുബെ കേസിൽ കുറ്റക്കാരെന്ന പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ 37 പൊലീസുകാർക്ക് എതിരെ നടപടിയെടുക്കാൻ നിർദ്ദേശം. ഇതുസംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നി‍ർദ്ദേശം നൽകി.

ജൂലായ് മൂന്നിന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ യുപി സ‍ർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാർശ. ഗ്രാമത്തിൽ ദുബൈ പിടിക്കാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘം ആക്രമണം നടത്തുകയായിരുന്നു. 

പൊലീസ് ഗ്രാമത്തിലേക്ക് എത്തുന്ന വിവരം സേനയിൽ നിന്നുള്ളവർ തന്നെ ദുബൈയ്ക്ക് ചോർത്തി നൽകിയെന്ന ആരോപണം ഉയർന്നിരുന്നു.
സംഭവം അന്വേഷിച്ച പ്രത്യേക സംഘം 3500 പേജ് വരുന്ന റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ഇതിൽ നിലവിൽ ഡിഐജിയായ ആനന്ദ് ദേവ്
തിവാരിക്കെതിരെയും പരാമർശമുണ്ടായിരുന്നു. 

വികാസ് ദുബൈയുടെ സംഘവുമായി നേരിട്ട് ബന്ധമുള്ള 75 പൊലീസുകാർക്ക് എതിരെ നടപടിക്കാണ് കമ്മീഷൻ ശുപാർശ ചെയ്തത്. ഇതിൽ 37 പേർക്കെതിരെയാണ് ഇപ്പോൾ നടപടിക്ക് നിർദ്ദേശം. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ നടപടിയിൽ നിന്ന് ഒഴിവാക്കി യെന്ന വിമർശനം
ഉയർന്നിട്ടുണ്ട്. പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ മധ്യപ്രദേശിൽ നിന്ന് പിടികൂടിയ വികാസ് ദുബൈയെ കാൺപൂരിലേക്ക് കൊണ്ടുവരുന്ന വഴി കൊല്ലപ്പെട്ടിരുന്നു. പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ വെടിവച്ചെന്നാണ് പൊലീസ് ഭാഷ്യം.