Asianet News MalayalamAsianet News Malayalam

യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി; അയോദ്ധ്യയും മധുരയും കാശിയും കൈവിട്ടു

ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ശക്തമായി തന്നെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നാണ്

Uttar Pradesh Panchayat election BJP loses Ayodhya Mathura Varanasi yogi
Author
Uttar Pradesh, First Published May 4, 2021, 3:15 PM IST

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം രുചിക്കേണ്ടി വന്ന ശേഷം ബിജെപിക്ക് വീണ്ടും അടുത്ത തിരിച്ചടി. ഇത്തവണ, ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയിൽ നിന്നാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിപ്പോന്നിട്ടുള്ളവാരാണസി, അയോദ്ധ്യ, മഥുര എന്നീ മൂന്ന് സ്ഥലങ്ങളിലും പാർട്ടിക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് എന്ന് അമർ ഉജാല പത്രം റിപ്പോർട്ട് ചെയ്യുന്നു. 

അയോദ്ധ്യയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ 24 എണ്ണവും നേടി സമാജ് വാദി പാർട്ടി മുന്നിലെത്തിയപ്പോൾ ബിജെപിക്ക് വെറും ആറുസീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മഥുരയിലെ 33 സീറ്റുകയിൽ 12 എണ്ണം നേടിയത് ബിഎസ്പി ആണ്. ബിജെപിക്കു എട്ടു സീറ്റു കിട്ടിയപ്പോൾ ചൗധരി അജിത് സിങിന്റെ  രാഷ്ട്രീയ ലോക് ദൾ ഒമ്പതു സീറ്റ് നേടി. ഇവിടെ സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റു മാത്രമേ കിട്ടിയുള്ളൂ. വാരാണസിയിൽ, നാൽപതു സീറ്റുകളിൽ നടന്ന മത്സരത്തിൽ  14 സീറ്റിലും വിജയിച്ചത് സമാജ്‌വാദി പാർട്ടിയാണ്. ബിജെപിക്ക് പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ വെറും എട്ടു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

ഉത്തർപ്രദേശിൽ 2022 -ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ എന്നാണ്  പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ജില്ലാപഞ്ചായത്തിലെ ഇതുവരെയുള്ള ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ശക്തമായി തന്നെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios