സംഭവം വിവാദമായതോടെ ഉത്തര്‍പ്രദേശ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. ഇവര്‍ക്ക് നോട്ടീസ് അയച്ചത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് പൊലീസ് അറിയിച്ചു. 

ഫിറോസാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ നടന്ന ആക്രമണത്തില്‍ പങ്കില്ലെന്ന് തെളിയിക്കണമെന്നാവശ്യപ്പെട്ട് ആറ് വര്‍ഷം മുമ്പ് മരിച്ച വയോധികന് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നോട്ടീസ്. 2014ല്‍ 94ാം വയസ്സില്‍ മരിച്ച വയോധികനാണ് പൊലീസ് നോട്ടീസ് അയച്ചത്. 93 വയസ്സുള്ള ഫസാഹത് മീര്‍ ഖാന്‍, 90 വയസ്സുള്ള സുഫി അന്‍സാര്‍ ഹുസൈന്‍ എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചു. ഇരുവരും വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. 

ഫസാഹത് മീര്‍ ഖാന്‍ ഫിറോസാബാദിലെ കോളേജിന്‍റെ സ്ഥാപകനാണ്. കഴിഞ്ഞ 60 വര്‍ഷമായി ഇദ്ദേഹമാണ് പ്രദേശത്തെ പള്ളിയുടെ നടത്തിപ്പുകാരന്‍. ഇരുവരും പ്രദേശത്തെ സമാധാന കമ്മിറ്റി അംഗങ്ങളുമാണ്. പൊലീസുമായി ഏറെ അടുപ്പവും ബന്ധവും പുലര്‍ത്തുന്നവരായിരുന്നു ഇവര്‍. ഇരുവരോടും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാകാനും ജാമ്യത്തുകയായി 10 ലക്ഷം കെട്ടിവെക്കാനും പൊലീസ് ആവശ്യപ്പെട്ടു. 

ഡിസംബര്‍ 25 മുതല്‍ ഞാന്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് തിരിച്ചെത്തിയത്. ഈ പ്രായത്തില്‍ എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്ന് അറിയില്ല. നാട്ടിലെ സമാധാനത്തിന് വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചതെന്ന് അന്‍സാര്‍ ഹുസൈന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഉത്തര്‍പ്രദേശ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. ഇവര്‍ക്ക് നോട്ടീസ് അയച്ചത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് പൊലീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് നിരവധി പേര്‍ക്കാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.