ദില്ലി: ദില്ലിയിൽ കുടുങ്ങി കിടക്കുന്നവരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രയ്ക്കുമായി ഉത്തരാഖണ്ഡ് മുഖ്യമന്തിയുടെ ദുരിതാശ്വസ നിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള നിരവധി തൊഴിലാളികൾ ദില്ലിയിൽ ഉണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിനെ തുടർന്ന് ഇവർ പ്രതിസന്ധിയിൽ ആയതോടെ ആണ് നടപടി. 

അതേസമയം രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കർണാടകത്തിലെ തുമകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് വിദേശത്തുള്ളവരുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടില്ലെങ്കിലും ഈ മാസം ആദ്യം ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം. മാര്‍ച്ച് 5 ന് ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത ഇദ്ദേഹം 11 നാണ് തിരിച്ചെത്തിയത്. 

കഴിഞ്ഞ മാര്‍ച്ച് 24 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിനൊപ്പം ട്രെയിനിൽ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. 31,000 പേരാണ് കര്‍ണാടകത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,000 പേര്‍ ബംഗ്ലൂരുവിലാണ്. സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക