രാഷ്ട്രീയപ്പോരും ഗ്രൂപ്പ് വിവാദവും വിവാദ പ്രസ്താവനകളും കാരണം ഒരു വർഷത്തിനിടെ മൂന്ന് തവണയാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെ ബിജെപി മാറ്റിയത്.

ദില്ലി : കൊവിഡിന്റെയും (Covid 19) ഒമിക്രോണിന്റെയും വ്യാപനത്തിനിടെ അഞ്ച് സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. രാഷ്ട്രീയ സാഹചര്യങ്ങളാൽ യുപി, പഞ്ചാബ് തെരഞ്ഞെടുപ്പുകൾ ഏറെ ശ്രദ്ധിക്കപ്പെടുമ്പോൾ അതിനൊപ്പം ഇത്തവണ ഗോവയും ഉത്തരാഖണ്ഡും ഒപ്പം കിഴക്കൻ സംസ്ഥാനമായ മണിപ്പൂരും ശ്രദ്ധനേടുകയാണ്. 

രാഷ്ട്രീയത്തിനപ്പുറം ജാതിസമവാക്യങ്ങൾക്കൊണ്ടും ചർച്ചചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ട്. എൻഡിഎ ഭരിക്കുന്ന സംസ്ഥാനത്ത് 70 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 57 എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് നിലവിൽ ബിജെപി സംസ്ഥാനം ഭരിക്കുന്നത്. പ്രതിപക്ഷമായ കോൺഗ്രസിന് 11 സീറ്റുകൾ മാത്രമാണുള്ളത്. 2001 ൽ സംസ്ഥാനം രൂപീകൃതമായതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒന്നിടവിട്ട് കോൺഗ്രസിനെയും ബിജെപിയും അധികാരത്തിലേറ്റിയതാണ് സംസ്ഥാനത്തിന്റെ ചരിത്രം. ഇത്തവണ അതിൽ നിന്നും മാറി, അധികാരത്തിലിരിക്കുന്ന പാർട്ടി തുടർച്ചയായ രണ്ടാം തവണയും ചരിത്രം തിരുത്തി ഭരണതുടർച്ച നേടുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. 

കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി എന്ന 'ഡബിൾ എഞ്ചിൻ മന്ത്ര' ഉയർത്തിയാണ് ബിജെപി പ്രചാരണം. എന്നാൽ രാഷ്ട്രീയപ്പോരും ഗ്രൂപ്പ് വിവാദവും വിവാദ പ്രസ്താവനകളും കാരണം ഒരു വർഷത്തിനിടെ മൂന്ന് തവണയാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെ ബിജെപി മാറ്റിയത്. ഇലക്ഷൻ അടുത്തതോടെ അത്രയൊന്നും 'ജനപ്രിയനല്ലെന്ന' പേരിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ സ്ഥാനത്ത് നിന്നും നീക്കി പകരം തിരത്ത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. എന്നാൽ കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ 116 ദിവസത്തിനുള്ളിൽ അദ്ദേഹത്തിനും സ്ഥാനമൊഴിയേണ്ടി വന്നു. നിലവിൽ പുഷ്ക്കർ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്. 

ബി.ജെ.പി മാസങ്ങൾക്കുള്ളിൽ രണ്ടുതവണ മുഖ്യമന്ത്രിമാരെ മാറ്റിയപ്പോൾ, അധികാരത്തിലെത്താനുള്ള അവസരം തിരിച്ചറിഞ്ഞാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് പ്രതീക്ഷയുടെ കിരണങ്ങൾ കാണുന്ന ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്. ബിജെപി ഭരണ വിരുദ്ധ വോട്ടുകൾ മുതലാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പഴയ മുതിർന്ന നേതാവ് യശ്പാൽ ആര്യയെ ബിജെപി പാളയത്ത് നിന്നും തിരികെയെത്തിക്കാനും കോൺഗ്രസിന് കഴിഞ്ഞു. ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭം ബിജെപിക്ക് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല. 

5 State Assembly Elections Date : 7 ഘട്ടം, ഫെബ്രുവരി 10 - മാർച്ച് 7 വരെ, 'പഞ്ചഗുസ്തി'ക്ക് കളമൊരുങ്ങി