ആദ്യമണിക്കൂറുകളിൽ യുപി തെരഞ്ഞെടുപ്പ് ഫലം മാറിമറിയുകയായിരുന്നു. യോഗി ആദിത്യനാഥ് ഉൾപ്പടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഏതാണ്ട് ജയമുറപ്പിച്ച് കഴിഞ്ഞു. അടിത്തട്ടിൽ പണിയെടുത്തെങ്കിലും എസ്പിക്കും അഖിലേഷിനും ഒറ്റയ്ക്കാവില്ല ബിജെപിയെ എതിരിടാൻ എന്നുറപ്പാകുന്നു.
ലഖ്നൗ: ചരിത്രത്തിലാദ്യമായി ഉത്തർപ്രദേശിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിജെപി തിരിച്ചെത്തുന്നു. മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടാമൂഴം ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം ബിജെപി നേതൃനിരയിലാര് എന്ന ചോദ്യത്തിന് ശക്തമായ ഉത്തരമാകുകയാണ് അജയ് സിംഗ് ബിഷ്ട് എന്ന യോഗി ആദിത്യനാഥ്. എക്സിറ്റ് പോളുകളിലെ ട്രെന്‍റുകൾ എല്ലാം ശരിവച്ചാണ്
പതിനൊന്ന് മണിയോടെ 288 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നതെങ്കിൽ എസ്പി 106 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. വെറും രണ്ട് സീറ്റിൽ മാത്രമാണ് ബിഎസ്പിയ്ക്ക് ലീഡ് ചെയ്യാനാകുന്നത്. ദശകങ്ങൾ യുപി ഭരിച്ച, നിലവിൽ 'ദേശീയ'പാർട്ടിയായ കോൺഗ്രസ് പത്തക്കം കടക്കില്ല എന്നുറപ്പായിരിക്കുന്നു. ബിഎസ്പിയെയും കോൺഗ്രസിനെയും മറികടന്ന് മറ്റ് ചെറുപാർട്ടികളെല്ലാം ചേർന്ന് 4 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
ആദ്യമണിക്കൂറുകളിൽ യുപി തെരഞ്ഞെടുപ്പ് ഫലം മാറിമറിയുകയായിരുന്നു. യോഗി ആദിത്യനാഥ് ഉൾപ്പടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഏതാണ്ട് ജയമുറപ്പിച്ച് കഴിഞ്ഞു. അടിത്തട്ടിൽ പണിയെടുത്തെങ്കിലും എസ്പിക്കും അഖിലേഷിനും ഒറ്റയ്ക്കാവില്ല ബിജെപിയെ എതിരിടാൻ എന്നുറപ്പാകുന്നു. പത്തരയോടെ 310 സീറ്റുകളിൽ വരെ ബിജെപി ലീഡ് ചെയ്തുവെങ്കിൽ പിന്നീട് അത് താഴ്ന്നു.
ജാതി രാഷ്ട്രീയം വിധിയെഴുതുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ യോഗി ഭരണം തുടരുമോ അഖിലേഷ് യാദവ് തിരിച്ചുവരുമോ എന്നതായിരുന്നു ചോദ്യം. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരണം തുടരാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോള്‍ അടിയൊഴുക്കുകളുടെ ആനുകൂല്യം പൂര്‍ണ്ണമായി കിട്ടിയാല്‍ തിരിച്ചുവരാമെന്നാണ് അഖിലേഷ് യാദവ് കണക്കുകൂട്ടിയത്. എന്നാൽ ആ പ്രതീക്ഷകളെല്ലാം തച്ചുടച്ചുകൊണ്ട് ചെറുപാർട്ടികളുമായി മാത്രം സഖ്യം ചേർന്ന് ഒരു പോരാട്ടം കാഴ്ച വയ്ക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ബിഎസ്പിയും എസ്പിയും കോൺഗ്രസും ചേർന്ന് ഒരു സഖ്യമായി പോരാടിയാലും ബിജെപിയെ മറികടക്കാനാവുമായിരുന്നില്ല.
പോരാടിത്തോറ്റ് അഖിലേഷ്
യോഗിക്ക് എതിരെ നേര്‍ക്ക് നേര്‍ പോരാട്ടം നടത്തിയാണ് അഖിലേഷ് ഒടുവില്‍ ജനവിധിക്ക് മുമ്പില്‍ പിന്‍വാങ്ങുന്നത്. വീണ്ടും അധികാരത്തല്‍ എത്തിയാല്‍ ക്രമസമാധാന പ്രശ്നം വഷളമാകുമെന്ന ബിജെപി പ്രചാരണം താഴെത്തട്ട് മുതല്‍ സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി. എന്നാല്‍ ബിജെപി വോട്ടുകളിലെ അടിയൊഴുക്കുകള്‍ പ്രതിപക്ഷ നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
വൈകിയാണെങ്കിലും അട്ടിമറിയും അത്ഭുതവും പ്രതീക്ഷിച്ചാണ് രാഷ്ട്രീയ ഗോദയിലെ ഫയല്‍വാന്‍റെ മകന്‍ വീണ്ടും യുപി ജനതയ്ക്ക് മുന്നിൽ വോട്ട് ചോദിച്ചെത്തിയത്. വെല്ലുവിളിയായുണ്ടായിരുന്നത് രണ്ട് വലിയ ദൗത്യങ്ങള്‍. യുപിയില്‍ യോഗിക്കും അതിലൂടെ ദില്ലിയില്‍ മോദി സര്‍ക്കാരിനും കടിഞ്ഞാണിടുക. ബിജെപി വോട്ടുബാങ്കുകളുടെ അടിത്തറയിളക്കി പ്രതിപക്ഷ സഖ്യത്തിന് കരുത്ത് പകരുക. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ മമതയെ നേരിട്ട് എത്തിച്ച് നടത്തിയ റാലിയിലൂടെ അഖിലേഷ് നല്‍കിയ സന്ദേശമിതായിരുന്നു.
യോഗി ഭരണത്തിനൊപ്പം മോദി സര്‍ക്കാരിനെയും കടന്നാക്രമിച്ചു. പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിനൊപ്പം കോണ്‍ഗ്രസിന്‍റെ വാത്സല്യം കൂടിയുള്ളത് പിന്നാക്ക വോട്ടുകളുടെ ഏകീകരണത്തിന് വഴിവയ്ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. വികസനവും ഭരണവിരുദ്ധ വികാരവും ആളിക്കത്തിക്കാൻ ശ്രമിച്ചു അഖിലേഷ്. എന്നാല്‍ ബിജെപി പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ എസ്പിയിലെ സംഘടനാ സംവിധാനം പലപ്പോഴും കിതച്ചു.
പടിഞ്ഞാറന്‍ മേഖലയില്‍ ആര്‍എല്‍ഡി നല്‍കിയ മുന്‍തൂക്കത്തിനപ്പുറം മറ്റിടങ്ങളില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു. കളത്തില്‍ ഇല്ലാതിരുന്ന ബിഎസ്പി വോട്ടുകള്‍ ഒപ്പംനിര്‍ത്താനായില്ല. എസ്പി വന്നാല്‍ 'ഗുണ്ടാരാജ്' എന്ന ആരോപണം യാദവ വോട്ടര്‍മാര്‍ പോലും ശരിവച്ചു. യോഗിയുടെ കേരള വിരുദ്ധ പരാമര്‍ശത്തിലെ എതിര്‍പ്പ് ഗുണമായില്ല. ആദ്യഘട്ടങ്ങളിലെ പോളിങ്ങില്‍ വോട്ടിങ് ശതമാനത്തില്‍ വലിയ മാറ്റം ഉണ്ടാക്കാനാകാത്തതും തിരിച്ചടിയായി. വികസന വിഷയങ്ങളേക്കാള്‍ രാമക്ഷേത്രനിര്‍മ്മാണവും ക്ഷേത്രവികസനവും വോട്ടായി. അങ്ങനെ ഇത്തവണയും ഹിന്ദുത്വ തരംഗത്തില്‍ അഖിലേഷിന് കാലിടറി.
നിയമസഭാ തെരഞ്ഞടുപ്പിലെ കന്നി പോരാട്ടത്തില്‍ രണ്ടാം വട്ടവും യുപിയുടെ മുഖ്യമന്ത്രി കസേര സ്വപനം കണ്ടിരുന്നു മുലായത്തിന്‍റെ മകൻ. ജാതി രാഷ്ട്രീയം ഗതി നിര്‍ണ്ണയിക്കുന്ന ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ ഉറച്ച കോട്ടകളിലും അടിത്തിറയിളക്കാനായത് എസ്പിക്കും പ്രതിപക്ഷത്തിനും ഒരു ആശ്വാസമാകും എന്നത് മാത്രമാണ് ഒരു നേട്ടമായി അഖിലേഷിന് 2022-നെക്കുറിച്ച് ഓർക്കാനുണ്ടാകുക.
എക്സിറ്റ് പോളുകൾ പറഞ്ഞതെന്ത്?
2017-ല്‍ 325 സീറ്റ് നേടി അധികാരത്തില്‍ എത്തിയ എന്‍ഡിഎയ്ക്ക് സീറ്റുകള്‍ കുറയുമെങ്കിലും ഭരണ തുടർച്ചയുണ്ടാകുമെന്നാണ് സർവേകള്‍ ചൂണ്ടിക്കാട്ടിയത്. കേവല ഭൂരിപക്ഷത്തിന് 202 സീറ്റ് മതിയെന്നിരിക്കെ 250 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സർവെകളും പറഞ്ഞു.
246 സീറ്റാണ് വിവിധ എക്സിറ്റ് പോളുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പോള്‍ ഓഫ് പോള്‍ പറയുന്നത്. എന്നാല്‍ ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ ബിജെപി ഉത്തര്‍പ്രദേശ് തൂത്ത് വാരുമെന്നാണ് പ്രവചിച്ചത്. 288 മുതല്‍ 326 സീറ്റ് വരെ ബിജെപി നേടുമ്പോൾ സമാജ്‍വാദി പാര്‍ട്ടി പരമാവധി 101 സീറ്റില്‍ ഒതുങ്ങുമെന്നായിരുന്നു പ്രവചനം. ബിജെപിക്ക് 294 സീറ്റ് വരെ ന്യൂസ് 24, ടുഡേസ് ചാണക്യ എന്നീ ഏജൻസികൾ പ്രവചിച്ചു. കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്നും ബിഎസ്പി പത്ത് വരെ സീറ്റ് നേടുമെന്നുമാണ് സർവെകൾ കണ്ടെത്തല്‍.
മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ: