ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയുന്ന നിയമത്തിൽ ഭേദഗതി വരുത്തും. ഇതോടെ വന്ദേമാതരത്തെ അവഹേളിക്കുകയോ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മാറും

ദില്ലി: ദേശീയഗാനമായ 'ജനഗണമന'യ്ക്ക് തുല്യമായ പദവി ദേശീയഗീതമായ 'വന്ദേമാതര'ത്തിന് നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ഇതിൻ്റെ ഭാഗമായി ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തും. ഇതോടെ, വന്ദേമാതരത്തെ അവഹേളിക്കുകയോ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാകും. ഭേദഗതി നടപ്പിലായാൽ, വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നവർക്ക് ദേശീയഗാനത്തോട് അനാദരവ് കാണിച്ചാൽ ലഭിക്കുന്നതിന് തുല്യമായ ശിക്ഷ ലഭിക്കും.

നിലവിൽ ദേശീയഗാനത്തെ അപമാനിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ ലഭിക്കും. വന്ദേമാതരത്തിനും ഈ നിയമങ്ങൾ ബാധകമാകും. ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾ ആവേശത്തോടെ പാടിയതാണ്. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം കേന്ദ്രസർക്കാർ എടുത്തത്.

പശ്ചിമ ബംഗാൾ, അസം തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ നടന്ന ചർച്ചയിലും വന്ദേമാതരത്തിന് തുല്യ പദവി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ ഭേദഗതി ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.