മഹാരാഷ്ട്രയിലെ കല്ല്യാണിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ഗർഭിണിയായ യുവതിയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കിയതായി പരാതി
മുംബൈ: മഹാരാഷ്ട്രയിലെ കല്ല്യാണിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ഗർഭിണിയായ യുവതിയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കിയതായി പരാതി. യുവതിയുടെ തല നിർബന്ധപൂർവ്വം മൊട്ടയടിക്കുകയും മാസങ്ങളോളം പട്ടിണിക്കിടുകയും ചെയ്തതായാണ് റിപ്പോർട്ട്. പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ്നഗർ സ്വദേശിനിയായ അഫ്സാന അൻസാരിയും സമീർ അൻസാരിയും തമ്മിൽ കഴിഞ്ഞ വർഷം ആയിരുന്നു വിവാഹിതരായത്. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്ത്രീധനം നൽകാൻ കഴിയില്ലെന്ന് വിവാഹത്തിന് മുൻപ് തന്നെ അഫ്സാനയുടെ കുടുംബം ഭർതൃവീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡനം ആരംഭിക്കുകയായിരുന്നു.
താൻ ഗർഭിണിയായിരുന്ന സമയത്ത് പോലും ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. നിത്യച്ചെലവുകൾക്ക് പോലും പണം നൽകിയിരുന്നില്ല. കൈകളിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായും യുവതി പരാതിയിൽ പറയുന്നു. ജൂൺ 7-ന് തലയിൽ പേൻ ഉണ്ടെന്ന വ്യാജേന ഭർത്താവ്, അമ്മായിയമ്മ, നാത്തൂൻ, ഭർത്താവിന്റെ വലിയമ്മ എന്നിവർ ചേർന്ന് അഫ്സാനയുടെ തല നിർബന്ധപൂർവ്വം മൊട്ടയടിച്ചു. കുട്ടിയുടെ ശ്വാസതടസ്സത്തിന് കാരണമാകും എന്ന് പറഞ്ഞാണ് ഭർതൃവീട്ടുകാർ മുടി മുറിച്ചുമാറ്റിയത്. മൊട്ടയടിച്ചതിന് ശേഷം മാനസികമായി തളർന്ന യുവതിയെ ഒരു ആഴ്ചയോളം മുറിയിൽ പൂട്ടിയിട്ട് വീണ്ടും പീഡിപ്പിച്ചു.
ഭർതൃവീട്ടിൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ട യുവതി സ്വന്തം സഹോദരിയുടെ വീട്ടിലെത്തുകയും അവിടെവെച്ച് സഹോദരനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നാണ് അഫ്സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പോലീസിൽ പരാതി നൽകിയതും. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭർത്താവ് സമീർ അൻസാരി, അമ്മായിയമ്മ, നാത്തൂൻ എന്നിവരടക്കം 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ കുടുംബം മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു.



