Asianet News MalayalamAsianet News Malayalam

ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ തെലു​ഗു കവി വരവരറാവുവിന് ഉപാധികളോടെ ആറ് മാസത്തെ ജാമ്യം

എൺപതുകാരനായ ഇദ്ദേഹത്തിന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജാമ്യ കാലയളവിൽ ഭീമ–കൊറേഗാവ്​ കേസ്​ കൈകാര്യം ചെയ്യുന്ന പ്രത്യേക എൻഐ.എ കോടതി പരിധിയിൽ തന്നെ കഴിയണം. 

varavara rao  granted bail In Bhima Koregaon Case
Author
Mumbai, First Published Feb 22, 2021, 5:38 PM IST

മുംബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ രണ്ടര വർഷമായി തടവിൽ കഴിയുന്ന തെ​ലു​ഗു ക​വി വ​ര​വ​ര​റാ​വുവിന്​ ജാമ്യം അനുവ​ദിച്ചു. ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൻ മേലാണ് ഉപാധികളോടെ ജാമ്യം നൽകിയിരിക്കുന്നത്. എൺപതുകാരനായ ഇദ്ദേഹത്തിന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജാമ്യ കാലയളവിൽ ഭീമ–കൊറേഗാവ്​ കേസ്​ കൈകാര്യം ചെയ്യുന്ന പ്രത്യേക എൻഐ.എ കോടതി പരിധിയിൽ തന്നെ കഴിയണം. 

മുംബൈയിൽ തന്നെ തുടരാനും ആവശ്യപ്പെടുന്ന സമയത്തെല്ലാം അന്വേഷണത്തിന് ഹാജരാകാനും റാവുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വരും. കൂടാതെ കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികളുമായി സമ്പർക്കം പുലർത്തുന്നതിൽ നിന്നും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേസിൽ വിചാരണ കാത്തിരിക്കുന്ന അദ്ദേഹം 2018 ആ​ഗസ്റ്റ് 28 മുതൽ കസ്റ്റഡിയിലാണ്. വരവരറാവുവിന് ജാമ്യം അനുവദിച്ചില്ലെങ്കിൽ ഒരു പൗരന്റെ മൗലികാവകാശങ്ങൾ ഹനിക്കുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

 ജയിലിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ആദ്യം സർക്കാർ ആശുപത്രിയായ ജെ.ജെ.ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് നാനാവതിയിലേക്ക് മാറ്റുന്നത്.

Follow Us:
Download App:
  • android
  • ios