Asianet News MalayalamAsianet News Malayalam

UP Elections : രാത്രിയിൽ കർഫ്യൂ, പകൽ ആളുകളെ നിരത്തി റാലി; ഇതാണോ നിയന്ത്രണം? യോ​ഗിക്കെതിരെ വരുൺ ​ഗാന്ധി

അടുത്ത കാലത്തായി ബിജെപിയുടെ വലിയ വിമര്‍ശകനായി മാറിയ വരുണ്‍ ഗാന്ധി കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ചോദ്യം ചെയ്തിരുന്നു.

Varun Gandhi Criticizes UP Government Covid Management
Author
Delhi, First Published Dec 27, 2021, 3:00 PM IST

ദില്ലി: ഉത്തർപ്രദേശ് സർക്കാരിനെതിരെ (Uttar Pradesh) രൂക്ഷ വിമർശനവുമായി വരുൺ ഗാന്ധി (Varun Gandhi). രാത്രി കർഫ്യൂ ഏർപ്പെടുത്തി പകൽ റാലികളിൽ ലക്ഷക്കണക്കിന് ആളുകളെ വിളിച്ചു വരുത്തിയിട്ട് എന്ത് കൊവിഡ് (Covid 19) നിയന്ത്രണമാണ് നടത്തുന്നതെന്നാണ് വരുൺ ഗാന്ധിയുടെ ചോദ്യം. ഒമിക്രോണിനെ തടയലാണോ അതോ പ്രചാരണ ശേഷി തെളിയിക്കുന്നതിനാണോ സർക്കാരിന്റെ മുൻഗണനയെന്ന് വരുൺ ഗാന്ധി ചോദിക്കുന്നു. 

ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കരുതെന്നാണ് ബിജെപിയുടെ തന്നെ  എംപിയായ വരുൺ ഗാന്ധി സംസ്ഥാന സർക്കാരിന് നൽകുന്ന മുന്നറിയിപ്പ്. ഉത്തർ പ്രദേശിലെ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് മനസിലാക്കിക്കൊണ്ട് ഒമിക്രോണിനെ നേരിടലാണോ അതോ തെരഞ്ഞെടുപ്പ് ശക്തി തെളിയിക്കലാണോ നമ്മളുടെ ലക്ഷ്യമെന്ന് തീരുമാനിക്കണമെന്നാണ് വരുണിന്റെ ഉപദേശം. 

കഴിഞ്ഞ കുറച്ച് കാലമായി പിൽബിത്ത് എംപിയായ വരുൺ ഗാന്ധിയും ബിജെപി നേതൃത്വും തമ്മിൽ ഉടക്കിലാണ്. കർഷക പ്രതിഷേധ സമയത്തും പിന്നീട് യുപിയിലെ അധ്യാപക യോഗ്യ പരീക്ഷ ചോദ്യപേപ്പർ വിവാദത്തിലും വരുൺ ഗാന്ധി പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അഴിമതിയും സർക്കാർ ജോലികളുടെ അഭാവവും യുവാക്കൾക്ക് അവസരം നിഷേധിക്കുന്നുവെന്നായിരുന്നു വരുൺ ഗാന്ധിയുടെ വിമ‌ർശനം.  

ഒമിക്രോണിനിടെ തെരഞ്ഞെടുപ്പ് നടക്കുമോ ?

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണോയെന്നതില്‍ തീരുമാനം പിന്നീടെടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും, വാക്സീനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍  ആരോഗ്യസെക്രട്ടറി  കൈമാറിയിട്ടുണ്ട്. 

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല സാഹചര്യമാണോയെന്നാണ് കമ്മീഷന്‍ ആരോഗ്യസെക്രട്ടറിയോടാരാഞ്ഞത്. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം, വാക്സീനേഷന്‍ നിരക്കുകള്‍ യോഗത്തില്‍ അവലോകനം ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ എഴുപത് ശതമാനം മുതല്‍  100 ശതമാനം വരെയാളുകള്‍ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യസെക്രട്ടറി  കമ്മീഷനെ ധരിപ്പിച്ചു. അതേ സമയം ഒമിക്രോണ്‍ വ്യാപന നിരക്ക് കൂടുന്നതും ആരോഗ്യ സെക്രട്ടറി കമ്മീഷന്‍റെ ശ്രദ്ധയില്‍പെടുത്തി. ആരോഗ്യസെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തും. 

ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. പഞ്ചാബ്, ഗോവ ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിയമസഭയുടെ കാലാവധി മാര്‍ച്ചിലും ഉത്തര്‍പ്രദേശില്‍ മേയിലുമാണ് അവസാനിക്കുക. 

Follow Us:
Download App:
  • android
  • ios