ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു സോളങ്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോളങ്കിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

1980-കളിൽ ഗുജറാത്തിൽ ഏറെക്കാലം ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം സഖ്യം ഉണ്ടാക്കി, നാല് തവണ മുഖ്യമന്ത്രിയായ മുതിർന്ന കോൺഗ്രസ് നേതാവാണ് മാധവ് സിംഗ് സോളങ്കി. പട്ടേൽ - ബ്രാഹ്മിൺ - ബനിയ സഖ്യങ്ങൾ അധികാരം കയ്യാളിവച്ചിരുന്ന ഗുജറാത്ത് രാഷ്ട്രീയത്തിൽ ദളിത് വിഭാഗങ്ങൾക്ക് അടക്കം അധികാരസമവാക്യങ്ങളിൽ ഇടം നൽകിയ നേതാവാണ് സോളങ്കി. ഈ ദളിത് സഖ്യത്തെ നേരിടാനാണ് പട്ടേൽ സമുദായമടക്കം ബിജെപിയെ പിന്തുണച്ചതും അത്തരത്തിൽ ഒരു വോട്ട് ധ്രുവീകരണം ഗുജറാത്തിൽ സംഭവിച്ചതും. 

1977-ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. അത് കുറച്ച് കാലത്തേക്കേ നിലനിന്നുള്ളൂവെങ്കിലും, 1980-ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടി. 182-ൽ 141 സീറ്റും കോൺഗ്രസ് നേടിയപ്പോൾ, ബിജെപിക്ക് അന്ന് 9 സീറ്റേ നേടാനായുള്ളൂ. 

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സോളങ്കി വിദേശകാര്യമന്ത്രിയാകുന്നത്.