മോഹൻ രംഗാചാരി എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും 'ക്രേസി തീവ്‍സ് ഓഫ് പാലവാക്കം' എന്ന നാടകത്തിലൂടെയാണ് മോഹന്‍റെ പേരിനൊപ്പം 'ക്രേസി' എന്ന വാക്ക് ആസ്വാദകർ പതിച്ചുനൽകിയത്. 

ചെന്നൈ: തമിഴ്‍നടനും, നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും നാടകകൃത്തുമായ ക്രേസി മോഹൻ അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതമുണ്ടായ ക്രേസി മോഹനെ ഉടൻ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. 

കമൽഹാസനൊപ്പം 'അപൂർവ സഗോദരങ്ങൾ' അടക്കം തമിഴ്‍സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കോമഡിച്ചിത്രങ്ങൾ ഒരുക്കിയ ക്രേസി മോഹൻ, നാടകമെഴുത്തിലൂടെയാണ് കലാരംഗത്തെത്തിയത്. നിരവധി സിനിമകളിലും ക്രേസി മോഹൻ അഭിനയിച്ചു. 

'ക്രേസി' എന്ന പേര് അന്വർത്ഥമാക്കിയ മോഹൻ

1952-ലാണ് ക്രേസി മോഹൻ ജനിച്ചത്. മോഹൻ രംഗാചാരി എന്നായിരുന്നു പേരെങ്കിലും 'ക്രേസി തീവ്‍സ് ഇൻ പാലവാക്കം' എന്ന ഹാസ്യരസപ്രധാനമായ നാടകത്തിലൂടെയാണ് ആസ്വാദകർ പേരിനൊപ്പം ക്രേസി എന്ന വാക്ക് കൂടി പതിച്ചു നൽകിയത്. ഈ നാടകം പിന്നീട് ഒരു ടിവി സീരീസായും സംപ്രേഷണം ചെയ്യപ്പെട്ടു. 

കമൽഹാസനൊപ്പം തമിഴ്‍സിനിമ എന്നും ഓർക്കുന്ന ഒരുപിടി കോമഡിച്ചിത്രങ്ങൾ ക്രേസി മോഹൻ ഒരുക്കിയിട്ടുണ്ട്. അപൂർവ സഗോദരങ്ങൾ, മൈക്കൽ മദൻ കാമരാജു, സതി ലീലാവതി, തെനാലി, കാതലാ കാതലാ, അവ്വൈ ഷൺമുഖി, വസൂൽ രാജ എംബിബിഎസ്, പമ്മൽ കെ സംബന്ധം എന്നിവ അതിൽ ചിലത് മാത്രം. കോമഡി അവതരിപ്പിക്കുന്നതിൽ കമൽഹാസൻ എന്ന ബഹുമുഖപ്രതിഭയുടെ കഴിവ് ഇത്ര നന്നായി ഉപയോഗിച്ച മറ്റൊരു തിരക്കഥാകൃത്ത് തമിഴിലുണ്ടായിട്ടില്ല. തമാശ സീനുകൾ ഒരുക്കുന്നതിലെ തൻമയത്വത്തിലും പരീക്ഷണങ്ങളിലും അക്ഷരാർത്ഥത്തിൽ 'ക്രേസി' ആയിരുന്നു ക്രേസി മോഹൻ. 

മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്നു മോഹൻ. 1973-ൽ ചെന്നൈ ഗിണ്ടിയിലെ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടിയ മോഹൻ കലാരംഗത്തേക്ക് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോഴേ എത്തിയിരുന്നു. മോഹന്‍റെ സഹോദരൻ മാധു ബാലാജിയുടെ നാടകട്രൂപ്പിന് വേണ്ടി ഹാസ്യരസപ്രധാനമായ തിരക്കഥകളെഴുതിയായിരുന്നു തുടക്കം. 

: സത്യ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ക്രേസി മോഹനും കമൽഹാസനും

ക്രേസി മോഹന്‍റെ ആദ്യ ചിത്രം കെ ബാലചന്ദറിന്‍റെ 'പൊയ്ക്കാൽ കുതിരൈ' ആയിരുന്നു. ചിത്രത്തിലെ മോഹന്‍റെ തമാശയിൽ പൊതിഞ്ഞ ഡയലോഗുകൾ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടെത്തന്നെ, മോഹൻ സ്വന്തം നാടകട്രൂപ്പ് തുടങ്ങിയിരുന്നു. പേര് "ക്രേസി ക്രിയേഷൻസ്''. കമൽഹാസനുമായുള്ള കൂട്ടുകെട്ട് ക്രേസി മോഹന്‍റെ സിനിമാ കരിയറിനെ മറ്റൊരു തലത്തിലെത്തിച്ചു. 

കലാരംഗത്തെ സംഭാവനകൾ മാനിച്ച് തമിഴ്‍നാട് സർക്കാർ മോഹന് കലൈമാമണി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കമൽഹാസനുമായുള്ള തമാശച്ചിത്രങ്ങൾ മാറ്റി നിർത്തിയാൽ, മലയാളം ചിത്രമായ 'വിയറ്റ്‍നാം കോളനി'യുടെ തമിഴ് റീമേക്കും, രേവതി, ഉർവ്വശി, രോഹിണി എന്നിവരുടെ അത്യുഗ്രൻ പ്രകടനം കൊണ്ട് സൂപ്പർ ഹിറ്റായ 'മഗളിർ മട്ടും' എന്നിവയും ക്രേസി മോഹന്‍റെ പേനത്തുമ്പിൽ പിറന്നവയാണ്. ഈ സിനിമകളിൽ പലതിലും മോഹൻ ചെറുവേഷങ്ങളും ചെയ്തിട്ടുണ്ട്.

ക്രേസി എന്ന പേര് വന്ന വഴി

മോഹൻ എന്ന പേരിന് തമിഴ്‍ സിനിമാ ലോകത്ത് ക്ഷാമമില്ലാത്തതുകൊണ്ടാണ് സ്വന്തം പേരിന്‍റെ കൂടെ ക്രേസി എന്ന വാക്ക് ആസ്വാദകർ പതിച്ചു നൽകിയത് എതിർക്കാതിരുന്നതെന്ന് മോഹൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ''ക്രേസി തീവ്‍സ് ഓഫ് പാലവാക്കം'' അടക്കം എഴുതിയ നാടകങ്ങൾ ഹിറ്റായതോടെ 'ക്രേസി കിഷ്കിന്ധ', 'റിട്ടേൺ ഓഫ് ക്രേസി തീവ്‍സ്', 'മതിൽ മേൽ മാധ്' എന്നീ നാടകങ്ങളും മോഹൻ എഴുതി. എല്ലാം സൂപ്പർഹിറ്റായി.

ക്രേസി മോഹന്‍റെ എഴുത്തിൽ പിറന്ന ചില ഹാസ്യരംഗങ്ങളിലേക്ക് ഒരിക്കൽക്കൂടി: