Asianet News MalayalamAsianet News Malayalam

ബാബറി മസ്ജിദ് കേസിലെ വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസും വിഎച്ച്പിയും

സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്.

VHP and RSS welcome verdict in Babri Masjid demolition case
Author
Lucknow, First Published Sep 30, 2020, 2:53 PM IST

ദില്ലി: ബാബറി മസ്ജിദ് കേസിലെ വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസും വിഎച്ച്പിയും. വിധി എല്ലാവരും അംഗീകരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. സത്യം പുറത്തു വന്നുവെന്നും വിധിയെ എതിർത്ത് പ്രസ്താവന ഇറക്കുന്നവർ നിയമപരമായി കോടതി വിധിയെ  മാനിക്കാൻ പഠിക്കണമെന്നും വിഎച്ച്പി പ്രതികരിക്കുന്നു. സമുന്നത നേതാക്കളെ കേസിൽ പെടുത്തിയത് കോൺഗ്രസിന്റെ ഗൂഢാലോചനയായിരുന്നുവെന്നും വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിച്ചു. 

പള്ളി തകർത്തത് ആകസ്മികം ആയിരുന്നുവെന്നും ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നുമാണ് ലക്നൗവിലെ പ്രത്യേക സിബിഐ  കോടതി കണ്ടെത്തിയത്. ആസൂത്രണം നടന്നതിന് തെളിവില്ലെന്നും കോടതി കണ്ടെത്തി ഇതേ തുടര്‍ന്നാണ് എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരെയും വെറുതേ വിട്ടത്.  സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി.  ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ്  ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്.

1992 ഡിസംബര്‍ 6 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  ബാബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബറാൻ കമ്മീഷന്‍റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയാണ് എത്തിയത്. 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്.  കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകര്‍ത്ത കേസിൽ വിധി എന്നതും ശ്രദ്ധേയമാണ്. 

 മസ്ജിദ് തകര്‍ത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017 ൽ വിധിക്കുകയായിരുന്നു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചിരുന്നു.


 

Follow Us:
Download App:
  • android
  • ios