Asianet News MalayalamAsianet News Malayalam

Vishva Hindu Parishad : ക്ഷേത്രങ്ങളെ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് വിഎച്ച്പി

സര്‍ക്കാരുകള്‍ നമ്മുടെ ക്ഷേത്രങ്ങളുടെ ഉടമ ആയിരിക്കുന്ന സാഹചര്യം മാറണമെന്നും വിഎച്ച്പി നേതാവ് അലോക് കുമാര്‍ എസ് ആര്‍.വ്യത്യസ്‌തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ആരാധനാരീതികളും മനസ്സിൽ വെച്ചുകൊണ്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ചട്ടക്കൂട് രൂപീകരിക്കേണ്ടിയിരിക്കുന്നുവെന്നും വിഎച്ച്പി 

VHP demands Central Law to free Hindu temples and religious institutions from Governments Control
Author
Chennai, First Published Nov 27, 2021, 10:46 PM IST

സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ (Temple) മോചിപ്പിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (Vishva Hindu Parishad). ഹിന്ദു ക്ഷേത്രങ്ങളേയും മതസ്ഥാപനങ്ങളേയും സർക്കാരുകളുടെ നിയന്ത്രണത്തിൽ നിന്നും മതപരിവർത്തനത്തിനെതിരായ നിയമത്തിൽ നിന്നും മാറ്റാന്‍ കേന്ദ്രനിയമം വേണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന ഒരു ബദൽ നിയന്ത്രണ ഘടന വികസിപ്പിക്കുന്നതിന് ഹിന്ദു ദാര്‍ശനികരേയും സന്യാസിമാരുടേയും നിര്‍ദ്ദേശത്തില്‍ ഹിന്ദു സമാജം രൂപീകരിക്കാനുള്ള നീക്കത്തിലാണ് വിഎച്ച്പിയുള്ളത്.

ഇന്ത്യയിലെ ക്ഷേത്രങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ സാമൂഹിക, മത, സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമാകുന്നതെന്നാണ് വിഎച്ച്പി വിശദമാക്കുന്നത്. ഹിന്ദു വിശ്വാസികളായ തീര്‍ത്ഥാടകര്‍ നല്‍കുന്ന സംഭാവനകളെ ആശ്രയിച്ചാണ് ഈ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനമെന്നും വിഎച്ച്പി വാദിക്കുന്നു. അവശ്യഘട്ടങ്ങളില്‍ ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ സേവനത്തിനായും മുന്നിട്ടിറങ്ങുന്നുണ്ട്. എന്നാല്‍ രാജ്യത്തെ സമ്പന്നമായ മിക്ക ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ കൈകടത്തുകയും ഹിന്ദു വിശ്വാസികളുടെ സംഭാവനകള്‍ യുക്തിക്ക് നിരക്കാത്ത രീതിയില്‍ ചെലവഴിക്കുന്നുവെന്നുമാണ് വിഎച്ച്പി ആരോപിക്കുന്നത്.

വിശ്വാസികളുടേതല്ലാത്ത ആവശ്യങ്ങള്‍ക്കായി പോലും ഏകപക്ഷീയമായി ക്ഷേത്രങ്ങളിലെ പണം ചെവഴിക്കപ്പെടുന്നു. 1926ലെ മദ്രാസ് ഹിന്ദു റിലീജിയസ് എൻഡോവ്‌മെന്റ് ആക്‌ട് അനുസരിച്ചാണ് ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായതെന്നും വിഎച്ചപി ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ക്ഷേത്രങ്ങള്‍ നിലവില്‍ ഈ കറുത്ത നിയമത്തിന് കീഴിലാണുള്ളത്. ചിദംബരം നടരാജ് ക്ഷേത്രം സംബന്ധിച്ച കേസില്‍ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി വിശദമാക്കിയിട്ടുള്ളത്. മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെന്നാണ് വിഎച്ച്പി ആവശ്യപ്പെടുന്നത്.

സര്‍ക്കാരുകള്‍ നമ്മുടെ ക്ഷേത്രങ്ങളുടെ ഉടമ ആയിരിക്കുന്ന സാഹചര്യം മാറണമെന്നും വിഎച്ച്പി നേതാവ് അലോക് കുമാര്‍ എസ് ആര്‍ പറയുന്നു.ആവശ്യമുള്ളപ്പോള്‍ ഇടപെടുന്ന രീതിയിലേക്ക് സര്‍ക്കാരും കോടതിയും ക്ഷേത്രകാര്യങ്ങളില്‍ മാറേണ്ടിയിരിക്കുന്നു. ക്ഷേത്ര സ്വത്ത് പണമാക്കി നീക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെയും രൂക്ഷമായാണ് വിശ്വഹിന്ദു പരിഷത്ത് പ്രതികരിക്കുന്നത്.   വ്യത്യസ്‌തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ആരാധനാരീതികളും മനസ്സിൽ വെച്ചുകൊണ്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ചട്ടക്കൂട് രൂപീകരിക്കേണ്ടിയിരിക്കുന്നുവെന്നും വിഎച്ച്പി പത്രക്കുറിപ്പില്‍ വിശദമാക്കി. 

Follow Us:
Download App:
  • android
  • ios