ദില്ലി: കേസുകളിൽ നീതി വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി തൽക്ഷണം ലഭിക്കുന്ന ഒന്നല്ല എന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. നീതി തൽക്ഷണം ലഭിക്കില്ലെന്ന് പറഞ്ഞത് ശരിയാണെങ്കിലും നീതി അനന്തമായി വൈകരുതെന്ന്  ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇത് എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും ഏവരും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. 

ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ പരാമർശം. നീതി പ്രതികാരത്തിന് വേണ്ടിയല്ലെന്നാണ് ജസ്റ്റിസ് ബോബ്ഡേ വ്യക്തമാക്കിയത്. തൽക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും അതിന് സമയമെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയിരുന്നു.