Asianet News MalayalamAsianet News Malayalam

പ്രതിയും ഇരയും വിവാഹിതരായി; മുംബൈ ഹൈക്കോടതി ബലാത്സം​ഗ കേസ് റദ്ദാക്കി

താനും പ്രതിയും വിവാഹം കഴിച്ച് വളരെ സന്തോഷത്തോടെ ജീവിക്കുകയാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

victim, accused get married HC quashes rape CASE
Author
Mumbai, First Published May 11, 2019, 9:54 AM IST

മുംബൈ: ഇരയും പ്രതിയും വിവാഹിതരായതിനെത്തുടർന്ന് മുംബൈ ഹൈക്കോടതി ബലാത്സംഗ കേസ് റദ്ദാക്കി. താനും പ്രതിയും വിവാഹം കഴിച്ച് വളരെ സന്തോഷത്തോടെ ജീവിക്കുകയാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജസ്റ്റിസ് രഞ്ജിത് മോർ, ഭാരതി ദാ​ഗ്രേ എന്നിവരുടെ നേത‍ൃത്വത്തിലുള്ള ബെഞ്ചിൻ്റേതാണ് തീരുമാനം. 

കഴിഞ്ഞ വർഷമാണ് പ്രതി തന്നെ ബലാത്സം​ഗം ചെയ്തെന്നാരോപിച്ച് യുവതി മുംബൈ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൻമേൽ പ്രതിക്കെതിരെ ഐപിസി 376, 420 (ബലാത്സം​ഗം, വഞ്ചനാക്കുറ്റം) എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. എന്നാൽ കഴിഞ്ഞമാസം ഇരുവരും കോടതിയെ സമീപിക്കുകയും പരസ്പര സമ്മതത്തോടെയാണ് തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് വ്യക്തമാക്കുകയും ചെയ്തു. 

തന്നെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതോടെയാണ് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പിന്നീട‌് കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെത്തുടർന്ന് തർക്കം പരിഹരിക്കുകയും ഇരുവരും വിവാ​ഹം കഴിക്കുകയുമായിരുന്നു. അതിനാൽ പ്രതിക്കെതിരെ താൻ നൽകിയ കേസ് അവസാനിപ്പിക്കണമെന്ന് യുവതി കോ‍ടതിയോട് ആവശ്യപ്പെട്ടു. ജനുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.  

അതേസമയം, ഇരയും പ്രതിയും രമ്യതയിൽ എത്തിയതുകൊണ്ട് ബലാത്സംഗ കേസ് അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്.  ഇതിനായി കോടതി മാർഗ്ഗനിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകൾ കരുതലോടെവേണം കൈകാര്യം ചെയ്യാനെന്നും സുപ്രീംകോടതി കീഴ് കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ കേസിൽ ഇരയും പ്രതിയും തമ്മിൽ പരസ്പര സമ്മതത്തോടെയാണ് ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് സമ്മതിച്ചതിനാല‍ാണ് കേസ് റദ്ദാക്കിയതെന്ന് മുംബൈ കോടതി വ്യക്തമാക്കി. 
 
 

Follow Us:
Download App:
  • android
  • ios