ദില്ലി: ബലാത്സംഗക്കേസിൽ ആരോപണവിധേയനായ ബിജെപി നേതാവ് സ്വാമി ചിന്മയാന്ദിനെതിരെ കൂടുതൽ തെളിവുമായി ഇരയായ പെണ്‍കുട്ടി. ബലാത്സംഗ ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ചിന്മയാനന്ദ് ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ തെളിവുകൾ പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിയത്.

പെൻഡ്രൈവിലാക്കിയ പീഡനത്തിന്‍റെ ദൃശ്യങ്ങൾ സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി അന്വേഷണ സംഘത്തിന് നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയനുസരിച്ച് പെണ്‍കുട്ടി ചിന്മയാന്ദിനെ ആദ്യമായി കാണുന്നത് ഷാജഹാൻപൂരിലെ ലോ കോളേജിൽ പ്രവേശനത്തിന് എത്തുമ്പോഴാണ്. പിന്നീട് ചിന്മയാനന്ദ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും കോളേജിൽ അഡ്മിഷൻ ശരിയാക്കുകയും ചെയ്തു.

പെണ്‍കുട്ടിയെ ഫോണിൽ വിളിച്ച് ലൈബ്രറിയിൽ 5000 രൂപ ശമ്പളത്തിന് ജോലിയും വാഗ്ദാനം ചെയ്തു. ചിന്മയാനന്ദ് ആവശ്യപ്പെട്ടതനുസരിച്ചാണ് പെണ്‍കുട്ടി താമസം ഹോസ്റ്റലിലേക്ക് മാറ്റിയത്. അവിടെ നിന്ന് ചിന്മയാനന്ദ് ആശ്രമത്തിലേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ബലാത്സംഗം ദൃശ്യങ്ങൾ ചിന്മയാനന്ദ് ചിത്രീകരിച്ചിരുന്നു. 

പലപ്പോഴും തോക്കുചൂണ്ടിയാണ് ചിന്മയാനന്ദിന്‍റെ അനുയായികൾ പെണ്‍കുട്ടിയെ ആശ്രമത്തിലെത്തിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ പീഡനം ഈ വർഷം ജൂലൈ വരെ തുടർന്നെന്നും തെളിവുകൾക്ക് വേണ്ടിയാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പെണ്‍കുട്ടി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിലും സുഹൃത്തുക്കളുടെ മുറിയിലും പരിശോധന നടത്തിയിരുന്നു.

ഫൊറൻസിക് വിദഗ്ധരടങ്ങുന്ന സംഘവും അന്വേഷ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. കേസിൽ ആരോപണ വിധേയനായ ചിന്മയാന്ദിനെ ഇതുവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല. സുതാര്യമായ അന്വേഷണത്തിന് സുപ്രീംകോടതി നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ തെളിവുകൾ പുറത്തുവരുന്നത്.