ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു എന്ന രീതിയിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് പിഐബി ഫാക്റ്റ് ചെക്ക് വിഭാഗം വ്യക്തമാക്കി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂസിലൻഡ് സന്ദർശനം വലിയ വാർത്തയായിരുന്നു. 40 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിലെത്തുന്നത്. നേരത്തെ രാജീവ് ഗാന്ധിയാണ് ന്യൂസിലൻഡിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി. എന്നാൽ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ 'ബീഫ്' ഉൽപ്പാദക രാജ്യമെന്ന് വിശേഷിപ്പിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്റ്റ് ചെക്ക് വിഭാഗം വ്യക്തമാക്കി.
ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു എന്ന രീതിയിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് പിഐബി ഫാക്റ്റ് ചെക്ക് വിഭാഗം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഓക്‌ലൻഡിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കവെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 'ഗോതമ്പ്' (Wheat) ഉൽപ്പാദക രാജ്യമാണ് ഇന്ത്യ എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും പിഐബി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ 'വീറ്റ്' എന്ന വാക്ക് തെറ്റായി വ്യാഖ്യാനിച്ച്, എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളിൽ 'ബീഫ്' എന്ന രീതിയിൽ തെറ്റായ പ്രചാരണം നടത്തുന്നത്. ഇത്തരം വ്യാജ വീഡിയോകളും തെറ്റായ വിവരങ്ങളും വിശ്വസിക്കരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.


