കർണാടകത്തിൽ കോടതിമുറിയിൽ കൂടോത്രം നടത്തിയ വയോധിക അറസ്റ്റിലായി. ചിക്കബല്ലപുർ സ്വദേശി മഞ്ജുള (65) ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്.
ചിക്കബല്ലപുർ: കർണാടകത്തിൽ അനുകൂല വിധി നേടാനായി കോടതിമുറിയിൽ കൂടോത്രം നടത്തിയ സ്ത്രീ അറസ്റ്റിൽ. കോടതി നടപടിക്രമങ്ങൾ ആരംഭിക്കും മുൻപ് ജഡ്ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരിയായ മഞ്ജുള ആണ് അറസ്റ്റിലായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മഞ്ജുളയെ ചിക്കബല്ലപുർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ ഒൻപതിന് പുലർച്ചെ 9:40ന് ചിക്കബല്ലപുരിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് സംഭവം. മഞ്ജുള ഉൾപ്പെട്ട സ്വകാര്യ തർക്കം സംബന്ധിച്ച കേസ് പരിഗണിക്കും മുൻപായിരുന്നു ഫസ്റ്റ് അഡീഷണൽ സീനിയർ സിവിൽ ജഡ്ജിയുടെ കസേരയിൽ വെള്ള കടുക് വിതറിയത്. ജഡ്ജിയുടെ കസേരയിലും ഡയസിലും കടുക് ശ്രദ്ധയിൽപെട്ട ജീവനക്കാരാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും മഞ്ജുള കോടതിയിൽ പ്രവേശിച്ച് കടുക് വിതറുന്നത് കണ്ടെത്തിയതും. കേസിൽ അനുകൂല വിധി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ത്രീയുടെ പ്രവൃത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കോടതിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2017ലെ കർണാടക പ്രിവൻഷൻ ആൻ്റ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ എവിൾ പ്രാക്ടീസസ് ആൻ്റ് ബ്ലാക്ക് മാജിക്ക് ആക്ട് പ്രകാരമാണ് പൊലീസിന്റെ നടപടി. അറസ്റ്റിലായ സ്ത്രീയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മഞ്ജുള ചിക്കബല്ലപുറിലെ വലസന്ന സ്വദേശിയാണെന്ന് കോടതി അഡ്മിനിസ്ട്രേഷൻ്റെ പരാതിയിൽ പറയുന്നു.


