ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ദില്ലി: ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിനു പിന്നാലെ ദില്ലിയിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയേയും മറ്റ് ഇറാനിയൻ നയതന്ത്രജ്ഞരേയുമാണ് വിളിച്ചുവരുത്തിയത്. ഒമാന്റെ അതിർത്തിക്കുള്ളിൽ നടന്ന ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചത്. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ദുരന്തത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രാദേശിക അധികൃതരുമായി ചേർന്ന് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുനൽകി. ഒമാൻ തീരംവഴി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ എണ്ണ കപ്പലുകൾക്ക് (ടാങ്കറുകൾ) നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 'എംടി അൽ ബഹിയ', 'എംടി മൊംബാസ' എന്നീ രണ്ട് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കപ്പലുകളിൽ ജീവനക്കാരായി ഉണ്ടായിരുന്ന 46 പേരിൽ 30 പേരും ഇന്ത്യൻ നാവികരായിരുന്നു. കൊല്ലപ്പെട്ട നാവികൻ 'അൽ ബഹിയ' എന്ന ടാങ്കറിലെ ജീവനക്കാരനാണ്. മിസൈൽ പതിച്ചതിനെ തുടർന്ന് കപ്പലുകളിൽ വൻ തീപിടുത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി. ഇതൊരു അന്താരാഷ്ട്ര നിയമലംഘനമാണെന്ന് വ്യക്തമാക്കിയ യു.എ.ഇ പ്രതിരോധ മന്ത്രാലയം, തങ്ങളുടെ പരമാധികാരവും ജനങ്ങളെയും സംരക്ഷിക്കാൻ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക അസ്വാരസ്യങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.