ജാട്ട് നേതാക്കളെ കണ്ട് അവരുമായി അമിത് ഷാ സംസാരിക്കുന്ന വീഡിയോ പുറത്തായി.

ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് (UP Election 2022) മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ (Amit Shah) നീക്കം. ജാട്ട് നേതാക്കളെ കണ്ട് അവരുമായി അമിത് ഷാ സംസാരിക്കുന്ന വീഡിയോ പുറത്തായി. ജാട്ട് വിഭാ​ഗവും ബിജെപിയും മു​ഗളന്മാരെ ഒരുപോലെ നേരിട്ടെന്നാണ് അമിത് ഷാ വീഡിയോയില്‍ പറയുന്നത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളെ അമിത്ഷാ ബുധനാഴ്ച്ച കണ്ടിരുന്നു. ദില്ലിയില്‍ ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക താല്‍പര്യം പരിഗണിച്ച് തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. ബിജെപിക്ക് നല്‍കി വരുന്ന പിന്തുണ തുടരണമെന്ന് കൂടിക്കാഴ്ചയിൽ അമിത്ഷാ അഭ്യര്‍ത്ഥിച്ചു.

ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലങ്ങളും ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും താങ്ങുവിലയിലെ നിയമനിര്‍മ്മാണം സംബന്ധിച്ച് കേന്ദ്രം മൗനം തുടരുന്നതില്‍ ജാട്ടുകള്‍ കടുത്ത അതൃപ്തിയിലാണ്. വരുന്ന 31ന് വഞ്ചനാ ദിനം ആചരിക്കുകയുമാണ്.

2013 ലെ മുസഫര്‍ കലാപത്തിന് പിന്നാലെ ബിജെപിക്കൊപ്പം നില്‍ക്കുന്ന ജാട്ട് സമുദായം കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നത് മുതല്‍ അകല്‍ച്ചയിലാണ്. ജാട്ട് സമുദായത്തിന്‍റെ പിന്തുണ ഇക്കുറി സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അവകാശപ്പെടുന്നുമുണ്ട്. ചില സര്‍വ്വേ റിപ്പോര്‍ട്ടുകളും ജാട്ട് സമുദായം ബിജെപിയോടകലുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു.