ഒരു സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സൂറത്തിലെ ഒരു ദേശസാൽക്കൃത ബാങ്കിൽ നടന്ന കവർച്ചാരംഗങ്ങളാണിത്. 

സൂറത്ത്: ബാങ്കിൽ സാധാരണ ഉപഭോക്താക്കൾ എത്തുന്നതു പോലെയാണ് രണ്ട് ബൈക്കുകളിലായി അഞ്ചംഗ സംഘം എത്തിയത്. ബൈക്ക് ബാങ്കിന്റെ പാർക്കിങ്ങിൽ നിർത്തി ഹെൽമറ്റഴിക്കാതെ ആയുധങ്ങളുമായി നേരെ അകത്തേക്ക് കയറി അഞ്ച് മിനുട്ടിനുള്ളിൽ ബാങ്കിൽ നിന്ന് 14 ലക്ഷത്തോളം രൂപ കവർന്ന് അഞ്ച് മിനുട്ടിൽ മടങ്ങി. ഒരു സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സൂറത്തിലെ ഒരു ദേശസാൽക്കൃത ബാങ്കിൽ നടന്ന കവർച്ചാരംഗങ്ങളാണിത്. 

തോക്ക് ചൂണ്ടി ജീവനക്കാരെയും മറ്റ് ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയാണ് 13.26 ലക്ഷം രൂപ കൊള്ളയടിച്ചത്. സൂറത്ത് നഗരത്തിലെ സച്ചിൻ ഏരിയയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വാൻസ് ശാഖയിലേക്ക് രാവിലെ 11.30 -ഓടെയാണ് അഞ്ചുപേരും രണ്ട് ബൈക്കുകളിലായി എത്തിയത്. നാല് പേർ ഹെൽമറ്റ് ധരിച്ചിരുന്നു, ഒരാൾ തുണികൊണ്ട് മുഖം മറച്ചും എത്തി. ഹിന്ദിയിലായിരുന്നു ഇവർ സംസാരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ പ്രവേശിച്ച ഉടൻ ഒരാൾ കാഷ്യർ കൗശൽ പരേഖിനും ഡെപ്യൂട്ടി മാനേജർ കൃഷ്ണ സിംഗ് സജ്ജൻ സിങ്ങിനും നേരെ തോക്ക് ചൂണ്ടി. ഒപ്പം മറ്റ് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിനുള്ളിൽ പൂട്ടിയിട്ടു. സംഘത്തിലെ രണ്ടുപേർ തോക്കുമായി അവർക്ക് കാവലിരിക്കുകയായിരുന്നു. 

ചില കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി കാഷ്യർ പരേഖിന്റെ അടുത്തായിരുന്നു കൃഷ്ണ സിങ് ഉണ്ടായിരുന്നത്. കവർച്ചക്കാർ എത്തി ഒരാൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. എല്ലാവരോടും ഒരിടത്തേക്ക് ഒതുങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. കാഷ്യർ പരേഖിനും മാനേജർ കൃഷ്ണയ്ക്കും സമീപമായി പ്യൂൺ ജിതേന്ദ്ര സോനാവാലയും ക്ലീനർ ഷേലേഷും അവിടെ ഉണ്ടായിരുന്നു. ബാങ്കിലെത്തിയ രണ്ട് സ്ത്രീകളും കുട്ടികളും പേടിച്ച് സ്ട്രേങ് റൂമിൽ അഭയം തേടിയിരുന്നു. അതിനിടെ തോക്കു ചൂണ്ടി കൃഷ്ണ സിങ്ങിനോട് ലോക്കർ തുറക്കാൻ കവർച്ചക്കാർ ആവശ്യപ്പെട്ടു. 

അവിടെ നിന്ന് 39000 രൂപ അവർക്കു കിട്ടി. ഇതിനിടെ നിലവിളിച്ച ഒരു സ്ത്രീയെ, കവർച്ചക്കാരിൽ ഒരാൾ ചവിട്ടി പുറത്തേക്കിട്ടു. വലിച്ചിഴയ്ക്കുകയും ചെയ്തു. അതിനിടെ കാഷ്യറുടെ മേശ പരിശോധിച്ച് അതിൽ നിന്ന് 12.87 ലക്ഷം രൂപയോളം മറ്റൊരാൾ ബാഗിൽ കുത്തിനിറച്ചിരുന്നു. പിന്നാലെ അഞ്ച് മിനുട്ടിൽ ഇവർ രക്ഷപ്പെടുകയും ചെയ്തു. ബാത്ത് റൂമിൽ കുത്തിനിറച്ച് പൂട്ടിയിട്ട 12 -ഓളം പേരെ കൃഷ്ണ സിങ് ആണ് പുറത്തിറക്കിയതെന്നും സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു.

Read more:  'സ്റ്റൈലായി പൊലീസ് സ്റ്റേഷനിൽ ബോംബ് വച്ച് തിരിച്ചുനടന്നു'; മലപ്പുറത്ത് യുവാക്കളുടെ റീൽ, പിന്നാലെ അറസ്റ്റ്

അതേസമയം, മോഷണത്തിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും പണ്ടേസരയിലെ പിയൂഷ് പോയിന്റ് സർക്കിളിൽ നിന്ന് കണ്ടെടുത്തു. ഇവ മോഷ്ടിക്കപ്പെട്ടവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിൽ കർശനമായ പരിശോധന നടന്നുവരികയാണ്. കവർച്ചക്കാരെ കണ്ടെത്താൻ ഒമ്പത് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ എല്ലാ എക്സിറ്റ് പോയിന്റുകളിലുമുള്ള 500 ഓളം സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ചു, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ തുടങ്ങിയ പ്രധാന പൊതു സ്ഥലങ്ങളിൽ തീവ്രമായ തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

Scroll to load tweet…