പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ നേടിയ ഐതിഹാസിക വിജയദിനം ഇന്ന് രാജ്യം വിരോചിതമായി ആഘോഷിക്കും

ദില്ലി: ബംഗ്ളാദേശിനെ മോചിപ്പിച്ച ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവിജയത്തിന് ഇന്ന് അരനൂറ്റാണ്ട്. ഐതിഹാസിക ജയം വീരോചിതമായി ആഘോഷിക്കാൻ രാജ്യം. ദില്ലി ദേശീയ യുദ്ധസ്മാരകത്തിൽ വിപുലമായ പരിപാടികൾ തീരുമാനിച്ചിട്ടുണ്ട്. 1971 ലെ യുദ്ധവിജയത്തിന്റെ അൻപതാം വാർഷിക ആഘോഷത്തിൽ രാജ്യം.

പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ നേടിയ ഐതിഹാസിക വിജയദിനം ഇന്ന് രാജ്യം വിരോചിതമായി ആഘോഷിക്കും. ദില്ലിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ യുദ്ധവിജയത്തിന്റെ സ്മരണാർത്ഥം സ്റ്റാംപും നാണയവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യും. സ്മരണികയും പുറത്തിറക്കും. ആഘോഷങ്ങളുടെ ഭാഗമായി സുഖോയ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസവും നടക്കും.

യുദ്ധം നമ്മൾ വിജയിച്ചു എന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപിച്ചത് 1971 ഡിസംബർ 16 ന്. രാജ്യം ഐക്യത്തിന്‍റെ, ആവേശത്തിന്‍റെ നെറുകയിലായിരുന്നു. സൈനിക മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ഇന്ത്യ നേടിയ അതുല്യനേട്ടമായിരുന്നു ആ വിജയം. വെടിയൊച്ചകൾ മുഴങ്ങിയ 13 ദിവസം ലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധത്തിൽ പരാജയം സമ്മതിച്ച ജര്‍മ്മനിയെ പോലെ ഇന്ത്യക്ക് മുന്നിൽ പാക് പട്ടാളത്തിന് സറണ്ടര്‍ പരേഡ് നടത്തേണ്ടിവന്നതും ചരിത്രം.

ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ തെരഞ്ഞെടുപ്പ് അംഗീകരിക്കാതെ പാക് പട്ടാള നേതൃത്വം കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ട ബംഗ്ളാദേശിൽ നടപ്പാക്കിയ കൊടും ക്രൂരതകളാണ് പിന്നീട് ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധമായി മാറിയത്. ഷെയ്ഖ് മുജീബുര്‍ റഹ്മാനെ പാക് പട്ടാളം തടവിലാക്കി. കിഴക്കാൻ പാക്കിസ്ഥാൻ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് നടന്നത് പട്ടാളത്തിന്‍റെ കൂട്ടക്കുരുതി. 

പതിനായിരക്കണക്കിന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു. ജീവന് വേണ്ടി ഇന്ത്യയിലേക്ക് അന്ന് പലായനം ചെയ്തത് ലക്ഷക്കണക്കിന് പേരായിരുന്നു. അഭയാര്‍ത്ഥി പ്രവാഹം താങ്ങാവുന്നതിലും അപ്പുറമായി. ഇന്ത്യയുടെ തിരിച്ചടി മുന്നിൽ കണ്ട പാക്കിസ്ഥാൻ 1971 ഡിസംബര്‍ മൂന്നിന് ശ്രീനഗര്‍, പത്താൻകോട്ട്, ആഗ്ര ഉൾപ്പടെയുള്ള ഇന്ത്യയുടെ 11 വ്യോമതാവളങ്ങളിൽ ബോംബിട്ടു. രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ദി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.