പൊലീസ് കസ്റ്റഡിയിൽ മരിച്ച 20 ഓളം പേരുടെ കുടുംബങ്ങളും വിജയ്ക്കൊപ്പം വേദിയിൽ എത്തി
ചെന്നൈ: തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളിൽ ചെന്നൈയിൽ വൻ പ്രതിഷേധവുമായി തമിഴക വെട്രി കഴകം (ടിവികെ). സ്റ്റാലിന്‍റേത് സോറി മാ സർക്കാർ ആണെന്ന് ടിവികെ അധ്യക്ഷൻ വിജയ് പരിഹസിച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബങ്ങളും ടിവികെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു.
സ്റ്റാലിൻ ഭരണത്തിലെ കസ്റ്റഡി മരണങ്ങൾ ചർച്ചയാക്കിയാണ് വലിയ പ്രതിഷേധ പരിപാടിയുമായി വിജയും ടിവികെയും തെരുവിലിറങ്ങിയത്. ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന് നീതി തേടിയാണ് പ്രതിഷേധ സംഗമം നടന്നത്. കറുത്തവസ്ത്രം ധരിച്ചാണ് വിജയ് എത്തിയത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച 20 ഓളം പേരുടെ കുടുംബങ്ങളും വിജയ്ക്കൊപ്പം വേദിയിൽ എത്തി.
മാപ്പ് വേണ്ട, നീതി മതി എന്നെഴുതിയ പ്ലാകാർഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. സ്റ്റാലിനെതിരെ ചോദ്യങ്ങളുമായാണ് വിജയ് പ്രസംഗം തുടങ്ങിയത്. കസ്റ്റഡി മരണത്തിനിരയായ 24 കുടുംബങ്ങളോട് സ്റ്റാലിൻ മാപ്പു പറഞ്ഞോയെന്ന് വിജയ് ചോദിച്ചു. അജിത്തിന്‍റെ കുടുംബത്തിന് നൽകിയ സഹായം മറ്റുള്ളവർക്ക് നൽകിയോ? എത്ര പൊലീസ് അതിക്രമങ്ങൾ നിങ്ങളുടെ ഭരണത്തിൽ നടന്നു?.
പൊലീസ് അതിക്രമങ്ങളിൽ കോടതി ഇടപെടുമ്പോൾ മാത്രം പ്രതികരിക്കാനാണെങ്കിൽ സർക്കാർ എന്തിനെന്നും വിജയ് ചോദിച്ചു.ഇപ്പോഴുള്ളത് 'സോറി മാ സർക്കാർ ' ആണെന്ന് വിജയ് പരിഹസിച്ചു. എല്ലാവർക്കും നീതി ഉറപ്പാക്കാൻ ടിവികെ പൊരുതുമെന്നും വിജയ് വ്യക്തമാക്കി. പ്രതിഷേധത്തിനായി ചെന്നൈയക്ക് പുറത്തുള്ള ജില്ലകയിൽ നിന്നെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതും ഡിഎംകെയ്‌ക്കെതിർ ടിവികെ ആയുധമാക്കി. വിജയ് ചുരുക്കം വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചത് പ്രവർത്തകർക്ക് നിരാശയായെങ്കിലും എഐഎഡിഎംകെയ്‌ക്കോ ബിജെപിയ്‌ക്കോ കഴിയാത്ത വിധം കസ്റ്റഡി പീഡനങ്ങളിലെ ഇരകളെ അണിനിർത്താൻ കഴിഞ്ഞത് നേട്ടമായെന്നാണ് ടിവികെ വിലയിരുത്തൽ.



