കേസിൽ നിന്ന് ഒഴിയാനുള്ള നടപടിക്രമങ്ങൾ നടത്താൻ അഭിഭാഷകനെ അനുവദിച്ച ബെഞ്ച്, മല്യയുടെ ഇ-മെയിൽ ഐഡിയും നിലവിലെ താമസ വിലാസവും കോടതി രജിസ്ട്രിയെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു
ദില്ലി: കേസ് വാദിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിജയ് മല്യയുടെ അഭിഭാഷകൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഒളിവിൽ പോയ വ്യവസായിയെ കണ്ടെത്താനാകുന്നില്ല. തന്റെ സന്ദേശങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് തന്റെ അപേക്ഷയെന്നും അഭിഭാഷകൻ ഇ സി അഗർവാല പറഞ്ഞു.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിനോടാണ് അഭിഭാഷകൻ ഇക്കാര്യം ആവശ്യപ്പെട്ടത്. എനിക്ക് ലഭിച്ച വിവരമനുസരിച്ച്, മല്യ യുകെയിലാണ് താമസിക്കുന്നത്. പക്ഷേ അദ്ദേഹം ഇപ്പോൾ എന്നോട് ആശയവിനിമയം നടത്തുന്നില്ല. എന്റെ പക്കലുള്ളത് അദ്ദേഹത്തിന്റെ ഇമെയിൽ വിലാസമാണ്. അദ്ദേഹത്തെ കണ്ടെത്താൻ കഴിയാത്തതിനാലും ഇന്ത്യയിൽ എവിടെയും പ്രത്യക്ഷപ്പെടാത്തതിനാലും, അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് എന്നെ ഒഴിവാക്കണം. അഭിഭാഷകൻ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള സാമ്പത്തിക തർക്കം സംബന്ധിച്ച് മല്യ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. കേസിൽ നിന്ന് ഒഴിയാനുള്ള നടപടിക്രമങ്ങൾ നടത്താൻ അഭിഭാഷകനെ അനുവദിച്ച ബെഞ്ച്, മല്യയുടെ ഇ-മെയിൽ ഐഡിയും നിലവിലെ താമസ വിലാസവും കോടതി രജിസ്ട്രിയെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത വർഷം ജനുവരിയിൽ വാദം കേൾക്കുന്നത് തുടരും. ഉത്തരവുകൾ ലംഘിച്ചതിന് ഈ വർഷം ആദ്യം കോടതിയലക്ഷ്യത്തിന് മല്യയെ സുപ്രീം കോടതി നാല് മാസം തടവിന് ശിക്ഷിച്ചിരുന്നു. മല്യയുടെ ഇന്ത്യയിലെ സാന്നിധ്യം ഉറപ്പാക്കാൻ സർക്കാർ അധികാരികൾ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ശിക്ഷ അനുഭവിക്കാൻ ഇതുവരെ മല്യ ഇന്ത്യയിൽ ഹാജരായിട്ടില്ല. മല്യയെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും യുകെയും തമ്മിലുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. 2020 ഏപ്രിലിൽ മല്യയെ കൈമാറാൻ യുകെ ഹൈക്കോടതി അനുമതി നൽകിയെങ്കിലും രണ്ടര വർഷമായി നടപ്പായിട്ടില്ല.
Read Also: അഴിമതിക്കാരെ രക്ഷപ്പെടുത്തരുത്; സംരക്ഷണം നൽകരുതെന്നും പ്രധാനമന്ത്രി
