തമിഴ് കന്നഡയ്ക്ക് ജന്മം നൽകി' എന്ന നടൻ കമൽഹാസന്റെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരു: സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കമൽഹാസൻ കന്നഡയെ അനാദരിച്ചുവെന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര. കന്നഡിഗരോട് നടൻ നിരുപാധികം മാപ്പ് പറയണമെന്നും ബി വൈ വിജയേന്ദ്ര. 'തമിഴ് കന്നഡയ്ക്ക് ജന്മം നൽകി' എന്ന നടൻ കമൽഹാസന്റെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എക്സിലാണ് കർണാടക ബിജെപി പ്രസിഡന്റിന്റെ പ്രതികരണം. എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന സംസ്കാരം കലാകാരന്മാർക്ക് ഉണ്ടായിരിക്കണമെന്നും കന്നഡ ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച നടൻ കമൽഹാസൻ കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെ ലക്ഷണമാണെന്നും ബിജെപി നേതാവ് എക്സിൽ കുറിച്ചു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നൂറ്റാണ്ടുകളായി പ്രബലമായി നിലനിൽക്കുന്ന ഭാഷയാണ് കന്നഡയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവിന്റെ എക്സ് പോസ്റ്റ്:
ദക്ഷിണേന്ത്യയിൽ ഐക്യമുണ്ടാക്കാനെന്ന് പറഞ്ഞ് കമൽഹാസൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിന്ദുമതത്തെയും മതവികാരങ്ങളെയും വ്രണപ്പെടുത്തിക്കൊണ്ട് അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ, 6.5 കോടി കന്നഡിഗരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി കന്നഡയെയും അപമാനിച്ചിരിക്കുന്നു. കമൽഹാസൻ ഉടൻ തന്നെ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും ബി വൈ വിജയേന്ദ്ര പ്രതികരിച്ചു. ഏത് ഭാഷയാണ് ഏത് ഭാഷയ്ക്ക് ജന്മം നൽകിയതെന്ന് അധികാരത്തോടെ പറയാൻ കമൽഹാസൻ ഒരു ചരിത്രകാരനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2,500 വർഷത്തെ ചരിത്രമുള്ള കന്നഡ ഭാഷ രാജ്യഭൂപടത്തിൽ സമൃദ്ധിയെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നു. കന്നഡിഗർമാർ ഭാഷാ വിദ്വേഷികളല്ലെന്നും, എന്നാൽ ഭൂമി, ഭാഷ, ജനങ്ങൾ, ജലം, ആശയങ്ങൾ എന്നിവയുടെ കാര്യത്തിൽ അവർ ഒരിക്കലും ആത്മാഭിമാനം ത്യജിക്കില്ലെന്നും കമൽഹാസനെ ഓർമിപ്പിക്കുകയാണെന്നും ബിജെപി നേതാവ് എക്സിൽ കുറിച്ചു.
ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ 'തഗ് ലൈഫ്' ന്റെ ഓഡിയോ ലോഞ്ചിനിടെയിൽ കമൽഹാസൻ പറഞ്ഞ ഒരു കാര്യമാണ് കർണാടകയിൽ വലിയ വിവാദമാകുന്നത്. ഉയിരേ ഉരവേ തമിഴേ എന്ന് പറഞ്ഞാണ് നടൻ വേദിയിൽ സംസാരിക്കാനാരംഭിച്ചത്. കന്നഡ നടൻ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന തന്റെ കുടുംബമാണ് അദ്ദേഹമെന്നും, കന്നഡയും തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്നും നടൻ കമൽ ഹാസൻ പറഞ്ഞു. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. കന്നഡ രക്ഷണ വേദികെ പോലുള്ള സംഘടനകളും പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.


