ലക്നൗ: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കേ പൊലീസ് വെടിവച്ച് കൊന്ന കൊടുംകുറ്റവാളി വികാസ് ദുബേ വിഷാദരോ​ഗിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഭാര്യ റിച്ച ദുബേ. കഴിഞ്ഞ നാല് വർഷങ്ങളായി ഇയാൾ ചികിത്സയിലായിരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു. കാൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ കൊലപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ തനിക്കതിനെക്കുറിച്ച് അറിയില്ലെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് റിച്ച മറുപടി പറഞ്ഞത്. 'ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ വികാസിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പക്ഷേ ദൈവത്തിന്റ ആ​ഗ്രഹം എങ്ങനെയാണെന്ന് പറയാൻ സാധിക്കില്ല.' റിച്ച തുടർന്നു.

'വികാസ് ഒരു വിഷാദ ​രോ​ഗിയായിരുന്നു എന്നും ചികിത്സയിലായിരുന്നു എന്നും എനിക്ക് പറയാൻ സാധിക്കും. ആക്രമിക്കുമോ എന്നുള്ള ഉത്കണ്ഠ മൂലമാണ് വികാസ് അങ്ങനെയൊരു തെറ്റ് ചെയ്തതെന്നും ഞാൻ കരുതുന്നു. എന്നെ വിളിച്ച് വെടിവെപ്പ് നടക്കുകയാണെന്നും കുട്ടികളുമായി വീട്ടിൽ നിന്ന് എത്രയും വേ​ഗം പോകണമെന്നും ആവശ്യപ്പെട്ടു. ഫിയോണിക്സ് മാളിനടുത്തുള്ള കെട്ടിട സമുച്ചയത്തിലെ ടെറസ്സിലാണ് ഏഴ് ദിവസം ഞങ്ങൾ താമസിച്ചത്.' റിച്ച ദുബേ വിശദീകരിച്ചു. 

പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. 'ആ സംഭവവുമായി ബന്ധപ്പെട്ട ഒരു കാര്യവും എന്നോട് പറഞ്ഞിട്ടില്ല. കുട്ടികളേയും കൂട്ടി എത്രയും വേ​ഗം അവിടെ നിന്ന് പോകാനാണ് ആവശ്യപ്പെട്ടത്. വെടിവെപ്പിനെക്കുറിച്ച് പല തവണ കേട്ടിട്ടുള്ളതിനാൽ എനിക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പിന്നീട് പിറ്റേന്ന് ടിവിയിൽ കണ്ടപ്പോൾ ഭയം മൂലം ഒന്നും മിണ്ടാൻ പോലും സാധിച്ചില്ല. 'റിച്ച ദുബേ പറഞ്ഞു. 

'എന്റെ മക്കളെ നല്ല രീതിയിൽ വളർത്തണമെന്ന് ആ​ഗ്രഹിക്കുന്നു. അതുകൊണ്ടാണ് വികാസിനൊപ്പം താമസിക്കാതിരുന്നത്. നമ്മുടെ സമൂഹത്തിൽ കള്ളന്റെ മകൻ  കള്ളനും ഡോക്ടറുടെ മകൻ ഡോക്ടറും ആയി മാറുന്ന സ്ഥിതി വിശേഷമാണുള്ളത്. എന്റെ മക്കൾ നല്ല ആളുകൾക്കൊപ്പം വളരണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ വികാസിന്റെ വീട്ടിൽ പോയത്. വെറും രണ്ട് ദിവസം മാത്രമേ അവിടെ താമസിച്ചുള്ളൂ.' വികാസിന്റെ കുടുംബവുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. 

പൊലീസ് നടപടിയെക്കുറിച്ച് ചോ​ദിച്ചപ്പോൾ സംസ്ഥാന മുഖ്യമന്ത്രിയിലും നിയമവ്യവസ്ഥയിലും സർക്കാരിലും വിശ്വാസമുണ്ടെന്നും അവർ‌ തനിക്കനുകൂലമായ രീതിയിലായിരിക്കും പ്രവർത്തിക്കുക എന്നും റിച്ച ദുബേ മറുപടി നൽകി.