കിയോഞ്ജര്‍: സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത ഗ്രാമത്തലവന്‍ അറസ്റ്റില്‍. ഒഡീഷയിലെ കിയോഞ്ജറിലെ പിപിലി ഗ്രാമത്തലവനായ ഉപേന്ദ്ര നായ്‍കാണ് പൊലീസിന്‍റെ പിടിയിലായത്. ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന വ്യജേനയാണ് ഇയാള്‍ പണം തട്ടിയെടുത്തത്.

ഫണ്ട് ദുരുപയോഗം ചെയ്തെന്ന് സംശയം തോന്നിയ ജില്ലാ ഗ്രാമവികസന ഏജന്‍സി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്തുവന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കേണ്ട പണം ഉപേന്ദ്രയും പഞ്ചായത്തിലെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസറും ചേര്‍ന്ന് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. മുന്‍ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.