മുലായം സിംഗിന് വോട്ട് ചെയ്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരിക്കേറ്റവര്‍ വ്യക്തമാക്കി.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി നേതാവ് മുലായം സിംഗ് യാദവിന് വോട്ട് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ജനങ്ങളെ ആക്രമിച്ചു. യുപിയിലെ മെയില്‍പുരിയില്‍ ഉന്‍വ ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പെട്ടവരാണ് എസ് പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്.

മുലായം സിംഗിന് വോട്ട് ചെയ്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരിക്കേറ്റവര്‍ വ്യക്തമാക്കി. ആക്രമികള്‍ക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബ്രിജ് ലാല്‍ ആവശ്യപ്പെട്ടു. 

മെയിന്‍ പുരി ലോക്സഭാ മണ്ഡലത്തില്‍ 94,398 വോട്ടുകള്‍ക്കാണ് മുലായം സിംഗ് യാദവ് വിജയിച്ചത്. ബിജെപിയിലെ പ്രേം സിംഗ് ഷാക്കിയെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. മുലായം വിജയിച്ചെങ്കിലും ഗ്രാമത്തിലുള്ളവര്‍ അദ്ദേഹത്തിന് വോട്ടു ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്. 

തെരഞ്ഞെടുപ്പിന് പിന്നാലെ വലിയ രീതിയിലുള്ള ആക്രമണമാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം യുപിയില്‍ സ്മൃതി ഇറാനിയുടെ സഹായി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലും വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് അരങ്ങേറുന്നത്.