പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുന്ന റേഡിയോ പരിപാടി മന്‍ കി ബാത്തിനെക്കുറിച്ച് പബ്ലിക് പോളിസി എക്സ്പോണന്‍റായ വിനീത ഹരിഹരന്‍ എഴുതുന്നു....

"സർക്കാരിലെ എന്റെ അനുഭവം എന്നോട് പറയുന്നു, ഇന്ത്യയെ മാറ്റാൻ കഴിയും. അത് നരേന്ദ്ര മോദിയോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയോ കാരണമല്ല. 130 കോടി ഇന്ത്യക്കാരുടെ ശക്തിയും കഴിവുമാണ് ഇതിന് കാരണം."- നരേന്ദ്ര മോദി.

ലോകമൊന്നാകെ പ്രശംസിച്ച പരിപാടിയാണ് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്. വിപുലമായ വ്യാപ്തിയുള്ള, ഏറ്റവും നൂതനമായ ആശയവിനിമയ പ്രക്ഷേപണങ്ങളാണ് ഓരോ എപ്പിസോഡും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, എല്ലാവർക്കും പ്രചോദനമാണ് ഓരോ എപ്പിസോഡും. 2014 ഒക്‌ടോബർ 3-ന് വിജയദശമി ദിനത്തിൽ ആരംഭിച്ച പരിപാടി 2023 ഏപ്രിൽ 29 ആകുമ്പോൾ 100ാമത്തെ എപ്പിസോഡിലെത്തുകയാണ്. ശുഭാപ്തിവിശ്വാസം വർദ്ധിപ്പിക്കുന്ന ഒരു മെഗാഫോണായാണ് മൻ കി ബാത്ത് പ്രവർത്തിക്കുന്നത്. രാഷ്ട്രീയത്തിനും പക്ഷപാതത്തിനും അധികാരത്തിനും അതീതമായി 130കോടി ജനങ്ങളുടെ ശക്തിയും കഴിവും പ്രകടിപ്പിക്കുന്നു ഈ പരിപാടി. 

മൻ കി ബാത്ത് രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരം പരിപാടികളുടെ വിഭാഗത്തിൽ ആദ്യത്തേതാണ്. സവിശേഷവും നൂതനവുമായ ഒരു പ്ലാറ്റ്‌ഫോമാണ് അത്. പ്രധാനമന്ത്രി നേരിട്ട് അവതരിപ്പിക്കുന്ന പരിപാടിയിലൂടെ, പ്രചോദിപ്പിക്കുന്ന സ്വന്തം കഥകൾ ഉദ്ധരിച്ചുകൊണ്ട് പൗരന്മാരുടെ ഹൃദയത്തെ സ്പർശിക്കുന്നു. കേരളത്തിൽ നിന്നുള്ള പ്രചോദനാത്മകമായ നിരവധി കഥകൾ പ്രധാനമന്ത്രി ഈ പരിപാടിയിലൂടെ അവതരിപ്പിച്ചു എന്നതിൽ ഒരു കേരളീയൻ എന്ന നിലയിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള അത്തരം കഥകളെ പ്രധാനമന്ത്രി അവതരിപ്പിച്ചതിനെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഞാൻ. 

 ശബരിമല ക്ഷേത്രത്തിലെ വൃത്തിയെക്കുറിച്ച് മൻ കി ബാത്തിലൂടെ പരാമർശിച്ചിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തർ എല്ലാ വർഷവും എത്തുന്ന ഇവിടം എത്രത്തോളം ശുചിയോടെയാണ് സംരക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ സ്വമേധയാ കാമ്പയിൻ ആരംഭിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഓരോ ഭക്തനും ശുചിത്വ യജ്ഞത്തിൽ ശാരീരിക അദ്ധ്വാനം ചെയ്യുന്നത് ആരാധനയുടെ ഭാ​ഗമായി കണക്കാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വേനമ്പനാട് കായലിലെ പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുന്ന, ശാരീരിക പരിമിതിയുള്ള എൻ എസ് രാജപ്പൻ അവർകളെക്കുറിച്ചും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ലോകത്തോട് പറഞ്ഞു. 

വിദ്യാഭ്യാസരം​ഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു അധ്യാപകനും ചായക്കടക്കാരനും ചേർന്ന് സ്ഥാപിച്ച ഇടുക്കിയിലെ അക്ഷര ലൈബ്രറിയെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. ആദിവാസി മേഖലയിലെ കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനും ലൈബ്രറി വഹിക്കുന്ന പങ്കിനെക്കുറിച്ചും പറഞ്ഞു. പരമ്പരാ​ഗത ചികിത്സാ രം​ഗത്ത് കേരളത്തിനുള്ള വൈദ​ഗ്ധ്യത്തെയും അദ്ദേഹം ഓർമ്മിച്ചു. ആയുർവേദത്തെക്കുറിച്ചാണ് പ്രധാനമായും പറഞ്ഞക്. കെനിയൻ മുൻ പ്രധാനമന്ത്രി റാലിയ ഒഡിം​ഗയുടെ പുത്രി നേത്രചികിത്സക്കായി കേരളത്തിലെത്തിയതും അദ്ദേഹം സൂചിപ്പിച്ചു. 

ചിറ്റൂർ സെന്റ് മേരി സ്കൂളിലെ വിദ്യാർത്ഥിനികൾ വിരലടയാളം ഉപയോ​ഗിച്ച് ഭാരതാംബയുടെ ചിത്രം നിർമ്മിച്ചതിനെക്കുറിച്ച് തനിക്ക് കത്തെഴുതിയതിനെക്കുറിച്ചും അദ്ദേഹം മൻകി ബാത്തിലൂടെ പറഞ്ഞു. അവയവദാനത്തെക്കുറിച്ച് ബോധവല്ക്കരിക്കുന്നതിന് പെൺകുട്ടികൾ നടത്തുന്ന പരിശ്രമത്തെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ഇതേക്കുറിച്ച് പരാമർശിച്ചത്. ഇടമലക്കുടിയിലെ ജനങ്ങളുടെ പരിശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. 


വേനൽക്കാലത്ത് പക്ഷിമൃ​ഗാദികൾക്ക് മൺപാത്രങ്ങളിൽ വെള്ളം കാത്തുവെക്കുന്ന മുപ്പട്ടം സ്വദേശി നാരായണനെക്കുറിച്ചും മോദി ലോകത്തോട് പറഞ്ഞു. കേരളത്തിന്റെ ആയുവർവേദ പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ കെനിയൻ മുൻ പ്രസിഡന്റ് റാലിയ ഒഡിം​ഗയുടെ മകൾ ഇവിടെ ചികിത്സക്കായി എത്തിയതും അതെക്കുറിച്ച് റാലിയ ഒഡിം​ഗ വികാരപരമായി ഓർമ്മ പങ്കുവച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ബ്രെയിൻ ട്യൂമറിനുള്ള ശസ്ത്രക്രിയ നടത്തിയപ്പോൾ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അവർ ലോകമെമ്പാടുമുള്ള വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ, കേരളത്തിലെ ചികിത്സയിലൂടെ അവർക്ക് കാഴ്ചശക്തി വലിയൊരളവിൽ തിരികെ നേടാനായി. ആയുർവേധ ചികിത്സാരീതിയെ കെനിയയിലേക്ക് അവതരിപ്പിക്കുന്ന കാര്യം റാലിയ ഒഡിം​ഗ സൂചിപ്പിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. 

പഴയ വസ്ത്രങ്ങളിൽ നിന്നും തടിക്കഷ്ണങ്ങളിൽ നിന്നുമെല്ലാം ഉപകാരപ്രദമായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന, കൊച്ചി സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികളുടെ പരിശ്രമത്തെയും മോദി അഭിനന്ദിച്ചു. നമ്മളിലെല്ലാം ഒരു വിദ്യാർഥിയുണ്ടെന്നും നിരന്തരം പഠിക്കേണ്ടതിന്റെ ആവശ്യകതെയക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചത് കൊല്ലത്തു നിന്നുള്ള 105കാരി ഭ​ഗീരഥി അമ്മയുടെ കഥ പറഞ്ഞുകൊണ്ടായിരുന്നു. 10ാം വയസ്സിൽ വിദ്യാഭ്യാസം ഉപേക്ഷിച്ച ഭ​ഗീരഥി അമ്മ 105ാം വയസ്സിൽ വിദ്യാഭ്യാസം പുനരാരംഭിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. 

വറ്റിവരണ്ട കുട്ടമ്പേരൂർ നദി വീണ്ടെടുക്കാൻ ഏഴായിരം ആളുകൾ ചേർന്ന് അക്ഷീണം പ്രയത്നിച്ച കഥയും മൻ കി ബാത്തിലൂടെ ലോകം അറിഞ്ഞു. ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീ പാമ്പിൻ വിഷമേൽക്കുന്നവർക്ക് പച്ചമരുന്നുകൾ ഉപയോ​ഗിച്ച് ഫലപ്രദമായി ചികിത്സ നടത്തുന്ന കഥയും പ്രധാനമന്ത്രി മറ്റൊരു എപ്പിസോഡിൽ സൂചിപ്പിച്ചു. അയ്യായിരത്തോളം പച്ചമരുന്നുകൾ ലക്ഷ്മിക്കുട്ടിക്ക് കാണാപ്പാഠമാണെന്ന കാര്യം പറയാനും പ്രധാനമന്ത്രി മറന്നില്ല. പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്ത കാര്യവും പറഞ്ഞിരുന്നു. വായനാശീലം വളർത്താൻ പ്രചോദകമാകുന്ന പരിപാടിയായിരുന്നു അത്. ബൊക്കെകൾക്ക് പകരം പുസ്തകങ്ങൾ നൽകി അതിഥികളെ സ്വീകരിച്ചതും അദ്ദേഹം ഓർമ്മിച്ചു. ഈ എപ്പിസോഡുകളിലൂടെ കേരളത്തിലെ ജനത ഇന്ത്യക്കും ലോകത്തിനും മാതൃകയും പ്രചോദനവുമാകുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ കല്ലുകൾ പാകി സംസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയാണ് രാജ്യം കരുത്തുറ്റതാകുന്നത്. ഇനിയും നൂറിലധികം എപ്പിസോഡുകളുമായി മൻ കി ബാത്ത് ജനങ്ങൾക്ക് പ്രചോദനമാകട്ടെ. അങ്ങനെ കേരളത്തെ ശക്തിയുള്ളതാക്കാനും അതിലൂടെ രാജ്യത്തെ കരുത്തുറ്റതാക്കാനും കഴിയട്ടെ.

“പോസിറ്റീവ് കാര്യങ്ങൾ നന്മ ചെയ്യാനുള്ള ഊർജം നൽകുന്നു. പോസിറ്റീവ് ചിന്തകൾ പോസിറ്റീവ് തീരുമാനത്തിന് കാരണമാകുന്നു. 
 മികച്ച ഫലങ്ങളിലേക്ക് അത് നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു"- നരേന്ദ്ര മോദി