വിശാഖപട്ടണം: എൽജി പോളിമേർസിൽ നിന്ന് പുറത്തേക്ക് വന്ന വിഷവാതകത്തിന്റെ പ്രത്യാഘാതം വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന് സിഎസ്ഐആറിന്‍റെ മുന്നറിയിപ്പ്. ഇരകളായവർക്ക് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സൂക്ഷിച്ചിരിക്കുന്ന മുഴുവൻ സ്റ്റൈറീനും ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് ആന്ധ്രപ്രദേശ് സർക്കാർ എൽജി കമ്പനിയോട് ആവശ്യപ്പെട്ടു.

ഇരകളായവർക്ക് ശ്വാസകോശ, ത്വക്ക് രോഗങ്ങളുടെ ബുദ്ധിമുട്ട് നീണ്ടുനിൽക്കും. വെങ്കട്ടപ്പുരത്തുളളവർക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തണം. സിഎസ്ഐആർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാർ അറിയിച്ചു.

എൽജി കമ്പനിയിൽ 13,000 ടൺ സ്റ്റൈറീൻ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് തെക്കൻ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടു. 8000 ടൺ പ്രത്യേക കണ്ടയ്നറിൽ കയറ്റിയയച്ചു. വെങ്കട്ടപ്പുരത്ത് അന്തരീക്ഷം പഴയപടിയായെങ്കിലും നാട്ടുകാർ മടങ്ങിയെത്തുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്നാണ് ഭയം. ഇത് മാറ്റിയെടുക്കാൻ നാല് മന്ത്രിമാരോടും എംപിമാരോടും വെങ്കട്ടപ്പുരത്ത് താമസിക്കാൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി നിർദേശിച്ചു. അവർ പ്രദേശത്തെ വീടുകളിൽ കിടന്നുറങ്ങി.

ജനവാസമേഖലയിൽ പ്ലാന്‍റ് വിപുലീകരിക്കാൻ കമ്പനിക്ക് അനുമതി നൽകിയതിൽ പങ്കില്ലെന്ന് ആന്ധ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് എൽജിക്ക് അനുമതി നൽകിയതെന്നാണ് വാദം.