ഗുജറാത്തിലെ വിസാവദര്‍ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ്. എഎപിയുടെ ഇറ്റാലിയ ഗോപാൽ മുന്നിട്ട് നിൽക്കുമ്പോൾ ബിജെപിയുടെ കിരിത് പട്ടേൽ ആണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി വളരെ പിന്നിലാണ്.
അഹമ്മദാബാദ്: ശക്തമായ പോരാട്ടം നടക്കുന്ന ഗുജറാത്തിലെ വിസാവദര്‍ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ്. ആദ്യ റൗണ്ടുകളിൽ വോട്ട് എണ്ണുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എഎപിയുടെ ഇറ്റാലിയ ഗോപാൽ മുന്നിട്ട് നിൽക്കുമ്പോൾ ബിജെപിയുടെ കിരിത് പട്ടേൽ ആണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്‍റെ നിതിൻ റാണാപരിയ വളരെ പിന്നിലായി മൂന്നാം സ്ഥാനത്താണ്. ഗുജറത്തിലെ കാദിയില്‍ തുടക്കത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്രകുമാര്‍ മുന്നിലാണ്. നാലായിരത്തിന് അടുത്തേക്ക് അദ്ദേഹത്തിന്‍റെ ലീഡ് ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ രമേഷ്ഭായ് ഛാവ്ദയാണ് രണ്ടാമത്.
വിസാവദറില്‍ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎയായിരുന്ന ഭൂപേന്ദ്ര ഭയാനി രാജിവെച്ച് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി)യിൽ ചേർന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതേസമയം, സംവരണ മണ്ഡലമായ മെഹ്‌സാനയിലെ കാദി സീറ്റ് ബിജെപി എംഎൽഎ കർസൺ സോളങ്കിയുടെ മരണശേഷം ഫെബ്രുവരി നാല് മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 161 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 12, എഎപിക്ക് നാല് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റ് സമാജ്‌വാദി പാർട്ടിക്കൊപ്പവും രണ്ട് സീറ്റുകൾ സ്വതന്ത്രർക്കൊപ്പവുമാണ്.
