ഹൈദരാബാദ്: വിശാഖപട്ടണം എല്‍ജി പ്ലാന്‍റിലെ വിഷവാതക ചോർച്ചയെപറ്റി പഠിച്ച വിദഗ്ധസമിതി ആന്ധ്രാപ്രദേശ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. രാസ വസ്തുക്കൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എല്‍ജി കമ്പനിക്കുണ്ടായ ഗുരുതര വീഴ്ചയാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു. കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നുണ്ട്.

സ്പെഷല്‍ ചീഫ് സെക്രട്ടറി ടി. നീരഭ് കുമാ‍ർ അധ്യക്ഷനായ എട്ടംഗ സമിതിയാണ് മുഖ്യമന്ത്രി വൈഎസ്. ജഗന്‍മോഹന്‍ റെഡ്ഡിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മെയ് ഏഴിന് സ്റ്റൈറീന്‍ സൂക്ഷിച്ചിരുന്ന ടാങ്കില്‍ നിന്നുണ്ടായ അനിയന്ത്രിതമായ ചോർച്ചയാണ് അപകട കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ടാങ്കിന്‍റെ നിർമാണം കാര്യക്ഷമമായിരുന്നില്ല. ഇത്തരം രാസവസ്തുക്കൾ സൂക്ഷിക്കുമ്പോൾ ഫാക്ടറിയില്‍ അന്തരീക്ഷ ഊഷ്മാവ് കൃത്യമായി നിലനിർത്തിയില്ല. 

ലോക്ക്ഡൗൺ കാലത്ത് ഇത്തരം ഫാക്ടറികളില്‍ ഒരുക്കേണ്ട പ്രത്യേക സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് അധികൃതർ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും കമ്പനി ഒന്നും പാലിച്ചില്ലെന്നും റിപ്പോർട്ടില്‍ അടിവരയിട്ടു പറയുന്നു. അപകടത്തെകുറിച്ച് മുന്നറിയിപ്പ് നല്‍കേണ്ട സംവിധാനങ്ങളും സമയത്ത് പ്രവർത്തിച്ചില്ല.

മെയ് ഏഴിന് വിശാഖപട്ടണത്തെ എല്‍ജി പോളിമർ പ്ലാന്റിലുണ്ടായ ദുരന്തത്തില്‍ 14 പേർക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി നാട്ടുകാർ പരിക്കേറ്റിരുന്നു. സംഭവത്തെകുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എല്‍ജി കമ്പനിക്കെതിരെ നല്‍കിയ ഹർജികൾ സുപ്രീംകോടതിയുടെയും പരിഗണനയിലുണ്ട്.