മുതിര്‍ന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായി കുങ്കുരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു.
ദില്ലി: വിഷ്ണു ദേവ് സായി ഛത്തീസ്ഗഢിന്റെ അടുത്ത മുഖ്യമന്ത്രിയാകും. മുതിര്‍ന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായി കുങ്കുരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഷ്ണു ദേവ് സായ്ക്ക് നറുക്ക് വീണത്. രാജസ്ഥാനില്‍ നാളെ നിയമസഭ കക്ഷിയോഗം ചേരാനിരിക്കേ വസുന്ധര രാജെ സിന്ധ്യയുടെ വസതിയില്‍ എംഎല്‍എമാര്‍ വീണ്ടും യോഗം ചേര്‍ന്നു. അതേസമയം, സംസ്ഥാനത്ത് രണ്ട് പേർക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച നീണ്ട് നിന്ന അനിശ്ചിതത്വത്തിന് വിരാമമായി. മുന്‍മുഖ്യമന്ത്രി രമണ്‍ സിംഗടക്കം ഒരു കൂട്ടം നേതാക്കള്‍ പട്ടികയിലുണ്ടായിരുന്നെങ്കിലും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ താല്‍പര്യം ഒടുവില്‍ അംഗീകരിക്കുകയായിരുന്നു. ഗോത്രമുഖം, ആര്‍എസ്എസിനും പ്രിയങ്കരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍, ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ സഹമന്ത്രി എല്ലാത്തിനുമുപരി അഴിമതി രഹിത പ്രതിച്ഛായ. ഇവയെല്ലാമാണ് കുന്‍കുരി മണ്ഡലത്തില്‍ നിന്ന് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട വിഷ്ണുദേവ് സായിക്ക് അനുകൂലമായത്. അതേസമയം, സംസ്ഥാനത്ത് ഇത്തവണ രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ടാകും.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിൽ 54 സീറ്റുകൾ നേടിയാണ് ബിജെപി ഇത്തവണ അധികാരം പിടിച്ചെടുത്തത്. ഭരണകക്ഷിയായ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് 35 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. പരമ്പരാഗതമായി കൈവശം വച്ച സീറ്റുകളും കോൺഗ്രസിനെ ഇത്തവണ കൈവെടിഞ്ഞു. 39 സംവരണ സീറ്റുകളിലെ മുപ്പതിടങ്ങളിലും കോൺഗ്രസിന് അടിതെറ്റി. 15 വർഷം തുടർച്ചയായി ബിജെപി ഭരിച്ച സംസ്ഥാനം 2018 ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ആദിവാസി വോട്ടുകൾ നിർണ്ണായകമായ ബസ്ത, വടക്കൻ ഛത്തീസ്ഗഢ് മേഖലകൾ ഇത്തവണ ബിജെപി തൂത്തുവാരി. സർഗുജ് മേഖലയിലെ 14 സീറ്റിൽ 13 നും ബിജെപിക്ക് ഒപ്പം നിന്നു.
ഛത്തീസ്ഗഢിലെ പ്രഖ്യാപനത്തിന് പിന്നാലെ നാളെ രാജസ്ഥാനിലും, മധ്യപ്രദേശിലും മുഖ്യന്ത്രിമാരെ പ്രഖ്യാപിച്ചേക്കും. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസാരിച്ചെങ്കിലും വസുന്ധരയോടടുപ്പമുള്ള എംഎല്‍എമാര്‍ ഇന്നും അവരുടെ വസതിയില്‍ യോഗം ചേര്‍ന്നു. നിയമസഭകക്ഷിയോഗത്തിലും വസുന്ധര ക്യാമ്പ് ശക്തിപ്രകടനത്തിന് മുതിര്‍ന്നേക്കും. രമണ്‍സിംഗിനെ ഒഴിവാക്കിയത് വസുന്ധരക്കുള്ള സന്ദേശമായി കാണുന്നുണ്ട്. തന്‍റെ പേരില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബാബാ ബാലക് നാഥ് ആവര്‍ത്തിച്ചു. ഒബിസി വിഭാഗത്തെയാണ് പരിഗണിക്കുന്നതെങ്കില്‍ മധ്യപ്രദേശില്‍ പ്രഹ്ളാദ് സിംഗ് പട്ടേലിനും സാധ്യതയുണ്ട്.
