ചെന്നൈ: കൊവി‍‍ഡ് 19 ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചു. നീലഗിരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാമല്ലപുരവുമെല്ലാം കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അടച്ചിട്ടതായി അധികൃതർ വ്യക്തമാക്കി. ഊട്ടിയിൽ നിന്നും 24 മണിക്കൂറിനകം മടങ്ങാൻ സഞ്ചാരികൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

ഊട്ടിയിലെ ഹോട്ടലുകളിലും റിസോർട്ടിലും കഴിയുന്ന ടൂറിസ്റ്റുകൾക്കാണ് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ എട്ട് ചെക്ക് പോസ്റ്റുകളിൽ നിന്നായി പരിശോധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഇന്നസെന്‍റ് ദിവ്യ വ്യക്തമാക്കി.

അതേസമയം, മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാലിൽ സന്ദർശകർക്ക് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കൊടൈക്കനാലിലേക്കെത്തുന്നവരെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇവിടങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമാണ് പരിശോധന.