Asianet News MalayalamAsianet News Malayalam

അഞ്ച് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം; വിസ്താര വിമാനം അടിയന്തരമായി ലക്നൗവില്‍ ഇറക്കി

മോശം കാലാവസ്ഥ മൂലം ദില്ലിയില്‍ വിമാനം ഇറക്കാനായില്ല. തുടര്‍ന്ന് ലക്നൗവിലേക്ക് പുറപ്പെട്ടു. ലക്നൗവിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അലഹബാദിലേക്ക് പുറപ്പെട്ടു. എന്നാല്‍, ലക്നൗവില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവിടെ തന്നെ ഇറക്കുകയായിരുന്നു.

Vistara plane emergency landing in Lucknow due to inadequate fuel
Author
Mumbai, First Published Jul 17, 2019, 9:56 AM IST

ലക്നൗ: മുംബൈയില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ഇന്ധനക്കുറവ് മൂലം അടിയന്തരമായി ലക്നൗവില്‍ ഇറക്കി. അഞ്ച് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം അവശേഷിക്കെയാണ് വിമാനത്തിന്‍റെ അടിയന്തര ലാന്‍ഡിംഗ്. 153 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ഇറക്കിയത്. സംഭവത്തില്‍ പൈലറ്റിനെതിരെ നടപടിയെടുത്തതായി വിസ്താര അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ ഇന്ധനം നന്നേ കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റുമാര്‍ ലക്നൗവില്‍ ഇറക്കാന്‍ അനുമതി തേടി. യാത്രാ വിമാനങ്ങളില്‍ ഒരു മണിക്കൂര്‍ പറക്കാനുള്ള ഇന്ധനം റിസര്‍വായി സൂക്ഷിക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഇതാണ് ഉപയോഗിക്കുക. എന്നാല്‍, റിസര്‍വ് ഇന്ധനത്തിന്‍റെ അളവ് കുറഞ്ഞത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. 

ഭാഗ്യം കൊണ്ടാണ് വിമാനം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്ന് വിദഗ്ധര്‍ പറഞ്ഞു. മുംബൈ-ദില്ലി യാത്രക്ക് രണ്ടര മണിക്കൂര്‍ സമയാണ് വേണ്ടത്. എന്നാല്‍, മോശം കാലാവസ്ഥ മൂലം ദില്ലിയില്‍ വിമാനം ഇറക്കാനായില്ല. തുടര്‍ന്ന് ലക്നൗവിലേക്ക് പുറപ്പെട്ടു. ലക്നൗവിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അലഹബാദിലേക്ക് പുറപ്പെട്ടു. എന്നാല്‍, ലക്നൗവില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവിടെ തന്നെ ഇറക്കുകയായിരുന്നു. ലാന്‍ഡ് ചെയ്യുമ്പോള്‍ വെറും അഞ്ച് മിനിറ്റ് മാത്രം പറക്കാനുള്ള 200 കിലോ ഗ്രാം ഇന്ധനമാണ് വിമാനത്തില്‍ ശേഷിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുംബൈയില്‍നിന്ന് പുറപ്പെടുമ്പോള്‍ 8500 കിലോ ഗ്രാം ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. പൈലറ്റുമാരുടെ അശ്രദ്ധയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു. കാലാവസ്ഥ മോശമാണെന്നറിഞ്ഞിട്ടും ഒരുമണിക്കൂറോളം ദില്ലി വിമാനത്താവളത്തിന് മുകളില്‍ പറന്നതാണ് ഇന്ധനം തീരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ലക്നൗവില്‍ ഓട്ടോ ലാന്‍ഡ്  സംവിധാനം ഉപയോഗിക്കാതിരുന്നതിനും വിമര്‍ശനം വന്നു. 

Follow Us:
Download App:
  • android
  • ios