Asianet News MalayalamAsianet News Malayalam

ശശികലയ്ക്ക് ഉടൻ ജയിൽ മോചനമില്ല, ആവശ്യം ജയിൽ അധികൃതർ തള്ളി

ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഇനി ഇവർക്ക് പുറത്തിറങ്ങാൻ കഴിയൂ. ഇളവ് നൽകി ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 
ശശികല സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം.

vk sasikala's plea for early release rejected by jail authorities
Author
Bengaluru, First Published Dec 5, 2020, 3:19 PM IST

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായ വികെ ശശികലയ്ക്ക് ഉടൻ ജയിൽ മോചനമില്ല. ശിക്ഷയിൽ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം ജയിൽ അധികൃതർ തള്ളി. ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഇനി ഇവർക്ക് പുറത്തിറങ്ങാൻ കഴിയൂ. ഇളവ് നൽകി ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ശശികല സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം. അഴിമതി കേസിൽ അറസ്റ്റിലായവർക്ക് ശിക്ഷയിളവ് നൽകേണ്ടതില്ലെന്ന നിയമോപദേശം നേരത്തെ ജയിൽ അധികൃതർക്ക് ലഭിച്ചിരുന്നു. 

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് സുപ്രീംകോടതി ശിക്ഷ വിധിച്ചത്.  നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും. പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. പോയസ് ഗാർഡനിലെ ഉൾപ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കൾ മാസങ്ങൾക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹൈദരാബാദിൽ ഉൾപ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു. 

Follow Us:
Download App:
  • android
  • ios