പെഗാസസ് വാങ്ങാനുള്ള കരാറുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശന സമയത്തെന്ന റിപ്പോ‍ർട്ടാണ് രാഹുൽ ഗാന്ധി ആയുധമാക്കിയത്

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിൻമേലുള്ള ചർച്ച പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും തുടരും. ഇരുസഭകളിലും പ്രതിപക്ഷം ഇന്നലെ പെഗാസസ് വിഷയം ചർച്ചയിൽ ഉന്നയിച്ചിരുന്നു. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ നരേന്ദ്ര മോദി ആക്രമിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം.

പെഗാസസ് വാങ്ങാനുള്ള കരാറുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശന സമയത്തെന്ന റിപ്പോ‍ർട്ടാണ് രാഹുൽ ഗാന്ധി ആയുധമാക്കിയത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോൾ രാജ്യത്തിപ്പോഴുള്ളത് ചക്രവർത്തിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചൈനയേയും പാകിസ്ഥാനേയും ഒന്നിച്ചു വരാൻ അനുവദിച്ച് ഇന്ത്യ വലിയ അബദ്ധം കാട്ടിയെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

'പ്രധാനമന്ത്രി ജനങ്ങൾക്കെതിരെ ആക്രമണം നടത്തി'; പെഗാസസ് വിഷയത്തിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിമാരും വിമർശനം ശക്തമാക്കി രംഗത്തെത്തി. ജുഡീഷ്യറിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു തന്നെ വിമർശനം ഉന്നയിച്ചു. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന സങ്കല്പത്തിനെതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങളാകുന്നു എന്ന് രാഹുൽ പറഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. രാഹുൽ ഗാന്ധി ജുഡീഷ്യറിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പു പറയണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു.

Scroll to load tweet…


റിപ്പബ്ളിക് ദിനത്തിൽ ഇന്ത്യയ്ക്ക് അതിഥികളെ കിട്ടിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു. അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾക്ക് കൊവിഡ് കാരണം യാത്ര ഒഴിവാക്കേണ്ടി വന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണെന്നും ജയശങ്കർ പറഞ്ഞു. ജനുവരി 27-ന് 5 സെൻട്രൽ ഏഷ്യൻ പ്രസിഡൻ്റുമാർ പങ്കെടുത്ത വെർച്വൽ ഉച്ചകോടി രാഹുൽ അറിഞ്ഞില്ലേയെന്നും എസ് ജയശങ്കർ ചോദിച്ചു.

Scroll to load tweet…

അതിനിടെ നന്ദിപ്രമേയത്തിൽ പെഗാസസ് ചൂണ്ടിക്കാട്ടി നല്കിയ ഭേദഗതികൾ രാജ്യസഭ സെക്രട്ടറിയേറ്റ് തള്ളി. ആർഎസ്എസ് ആണ് സഭയിൽ വരേണ്ട വിഷയങ്ങൾ പോലും തീരുമാനിക്കുന്നതെന്നും സിപിഎം നേതാവ് എളമരം കരീം ആരോപിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയാകും ചർച്ചയ്ക്ക് മറുപടി നല്കുക.