ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ (എഎപി) വമ്പൻ ലീഡിനോട് പ്രതികരിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വോട്ടർമാരാണ് യഥാർത്ഥ രാജാക്കൻമാർ എന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, മറ്റ് പ്രമുഖ ബിജെപി നേതാക്കൾ എന്നിവർ നേരിട്ടെത്തി പ്രചരണത്തിൽ പങ്കെടുത്തിട്ടും മേ ബിജെപിക്ക് വളരെ കുറച്ചിടങ്ങളില്‍ ലീഡ് നേടാൻ സാധിച്ചുള്ളൂ  എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ദില്ലിയില്‍ അമിത്ഷായും നിതീഷ് കുമാറും ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അരവിന്ദ് കെജ്‌രിവാളിനെ നിതീഷ് കുമാര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 'ദില്ലിയില്‍ എന്തുവികസനമാണ് ഉണ്ടായതെന്നും പ്രവര്‍ത്തിയേക്കാള്‍ പ്രശസ്തിയാണ് ഇവിടെ ചിലര്‍ക്ക് താല്‍പര്യമെന്നും യഥാർത്ഥ വികസനം ദില്ലിയിൽ  സംഭവിക്കുന്നില്ല എന്നുമായിരുന്നു നിതീഷ് കുമാറിന്റെ വിമർശനം. അതേസമയം, ജെഡിയു ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനെ പുറത്താക്കിയതും എഎപിയുടെ വിജയത്തിന് കാരണമായി എന്നും അതുകൊണ്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ദില്ലി തെരഞ്ഞെടുപ്പ് ഫലത്തില്‍ ആവേശമില്ലാത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലി തിരഞ്ഞെടുപ്പില്‍ ജെഡിയു ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ പ്രശാന്ത് കിഷോറിനെയും ജെഡിയു ജനറല്‍ സെക്രട്ടറി പവന്‍ കുമാറിനെയും നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, ഇന്ത്യയുടെ ആത്മാവായ ദില്ലിയെ സംരക്ഷിച്ചതിന് നന്ദി എന്നാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററിലൂടെ  തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരണം അറിയിച്ചത്.