റംസാന്‍ വ്രതകാലത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് ന്യൂനപക്ഷവോട്ടുകൾ കുറയ്ക്കുമെന്ന പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കിമിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദില്ലി: റംസാന്‍ വ്രതകാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നുവെന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. റംസാന്‍ വ്രതകാലത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് ന്യൂനപക്ഷവോട്ടുകൾ കുറയ്ക്കുമെന്ന പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കിമിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുകയാണ്, ദയവ് ചെയ്‍ത്‍ മുസ്ലീങ്ങളെയും റംസാന്‍ വ്രതത്തെയും തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുത്, എന്തിന്‍റെ പേരിലായാലും. റംസാനില്‍ മുസ്ലീങ്ങള്‍ തീർച്ചയായും നോമ്പ് ആചരിക്കും. അവര്‍ പുറത്തുപോകുകയും സാധാരണജീവിതം നയിക്കുകയും ചെയ്യും. അവര്‍ ഓഫീസില്‍ പോകും. ഏറ്റവും പാവപ്പെട്ടവൻ പോലും നോമ്പ് അനുഷ്‍ഠിക്കും. ഞാന്‍ കരുതുന്നത് റംസാന്‍ ആയതുകൊണ്ട് വോട്ടിങ് ശതമാനം കൂടുമെന്നാണ്. കാരണം ആ സമയത്ത് മറ്റ് ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരിക്കും ഭൂരിപക്ഷം പേരുമെന്നും ഒവൈസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ലോക് സഭ തെരഞ്ഞെടുപ്പ് റംസാൻ മാസത്തിൽ നടത്തുന്നതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏഴാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാര്‍, ഉത്തർപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ റംസാന്‍ വ്രതം നടക്കുന്ന സമയത്താണ് വോട്ടിങ്. ഇത് മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ഫിര്‍ഹാദ് ഹക്കിം വിമർശിച്ചിരുന്നു.
